പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ഐക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

35 കാരി വിജയ സോണി കൊടുമൺ ഐകാടുള്ള വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്യുകയാണ്. ഇവരുടെ രണ്ടാം ഭർത്താവ് കോട്ടയം അയ്മനം സ്വദേശി ബിബിൻ തോമസ് രാവിലെ ഒമ്പത് മണിയോടെ ഈ വീട്ടിലെത്തി. വഴക്കിട്ട ശേഷം കയ്യിൽ കരുതിയ കത്തി കൊണ്ട് തലയിലും വയറ്റിലും കുത്തി. തുടർന്ന് ബിബിൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു.

മാവേലിക്കര വെട്ടിയാർ സ്വദേശിയായ വിജയ സോണിയെ പിന്നീട് കോട്ടയം മെഡി. കോളേജിലേക്ക് മാറ്റി. ഹോം നഴ്സായി ജോലി ചെയ്യുന്നത് ഭർത്താവിന് ഇഷ്ടമല്ലെന്നും അതിന്റെ പേരിലാണ് വഴക്കിട്ടതെന്നുമാണ് മൊഴി. കുറച്ചുകാലമായി ഇവർ അകന്നു കഴിയുകയാണെന്ന് പൊലീസും പറയുന്നു. ബിബിൻ തോമസിനെതിരെ കൊടുമൺ പൊലീസ് കേസെടുത്തു.
