ഇൻസ്റ്റഗ്രാം ഫീഡിൽ ‘സെൻസിറ്റീവ്, വയലന്റ്’ കണ്ടന്റുകളുടെ അതിപ്രസരമെന്ന് ഉപയോക്താക്കളുടെ പരാതി. സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ എനേബിൾ ചെയ്തിട്ടും ഇത്തരം കണ്ടന്റുകൾ ഫീഡുകളിൽ നിരന്തരം വരുന്നതായാണ് ചില ഉപയോക്താക്കൾ പറയുന്നത്. ഇതുസംബന്ധിച്ച് സാമൂഹികമാധ്യമമായ എക്സിൽ പലരും സ്ക്രീൻഷോട്ടുകൾ സഹിതം ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ ഏതെങ്കിലുംതരത്തിലുള്ള സാങ്കേതിക തകരാറോ, അൽഗോരിതത്തിൽ മാറ്റങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു പലരുടെയും ചോദ്യം. ”ആരെങ്കിലും ഇൻസ്റ്റഗ്രാമിൽ ഇത് ശ്രദ്ധിച്ചോ? കഴിഞ്ഞ ഏതാനും മണിക്കൂറുകളായി എന്റെ ഇൻസ്റ്റഗ്രാം റീൽസ് ഫീഡിൽ അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോകളാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ആർക്കെങ്കിലും ഇത്തരം അനുഭവമുണ്ടോ? അതോ എനിക്ക് മാത്രമാണോ? എന്തെങ്കിലും തകരാറോ അൽഗോരിതത്തിലെ മാറ്റമോ ആണോ?’ ഒരാൾ ചോദിച്ചു.
സമാനമായ ചോദ്യങ്ങൾ മറ്റുനിരവധി പേരും എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം ഒരു ‘വാർസോൺ’ ആയി മാറിയോ എന്നായിരുന്നു ഒരാളുടെ കുറിപ്പ്. സ്ക്രോളുകൾക്കിടെ ഒട്ടേറെതവണയാണ് സെൻസിറ്റീവ് കണ്ടന്റുകൾ ഫീഡുകളിൽ കണ്ടതെന്ന് മറ്റൊരാളും വ്യക്തമാക്കി.

അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ‘കണ്ടന്റ് മോഡറേഷൻ സിസ്റ്റ’ത്തിൽ സംഭവിച്ച സാങ്കേതിക തകരാറാകാം ഇത്തരം സെൻസിറ്റീവ് കണ്ടന്റുകൾ ഫീഡിൽ പ്രത്യക്ഷപ്പെടാൻ കാരണമായതെന്നാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് മെറ്റ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല.

There is no ads to display, Please add some