പാര്‍ട്ടി കോണ്‍ഗ്രസും കാണാം, വിനോദ യാത്രയുമാകും. മധുരയില്‍ നിശ്ചയിച്ചിരിക്കുന്ന സിപിഎം 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി ടൂര്‍ പാക്കേജുകളുമായി സഹകരണ ബാങ്കുകള്‍. നീലേശ്വരം കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ പ്രഖ്യാപിച്ച ടൂര്‍പാക്കേജാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തമിഴ്‌നാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി വ്യത്യസ്ത റൂട്ടുകളിലൂടെയുള്ള യാത്രാനുഭവമാണ് സഹകരണ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.

നാല് ദിവസത്തെ യാത്രാ പാക്കേജാണ് കൊടക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റേത്. ഏപ്രില്‍ നാലിന് രാത്രി തുടങ്ങുന്ന യാത്ര പിറ്റേന്ന് പഴനിയില്‍ എത്തും. ഏപ്രില്‍ അഞ്ചിന് മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചെലവിടാന്‍ യാത്രികര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. പിന്നീട് ധനുഷ്‌കോടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം മടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ഏപ്രില്‍ 7ന് തിരിച്ച് ചെറുവത്തൂര്‍ എത്തുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 4700 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് കെ രമേഷ് ആണ് ടൂര്‍ കമ്മിറ്റി ചെയര്‍മാന്‍.

പഴനി ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു ടൂര്‍പാക്കേജ് ആയിരുന്നു ബാങ്ക് പദ്ധതിയിട്ടത്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന പ്രദേശമായ മധുര കൂടി ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് ടൂര്‍ പുനക്രമീകരിച്ചത്. ഇതിലൂടെ യാത്രയിലൂടെ നിരവധി പേര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ അവസരം ലഭിക്കുകയും ചെയ്യും. തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് അപ്പുറത്ത് കുളു, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബാങ്ക് ടൂര്‍ പാക്കേജുകള്‍ പദ്ധതിയിട്ടിരുന്നതായും കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പ്രഭാകരന്‍ കെ പറയുന്നു.

എപ്രില്‍ നാലിന് തുടങ്ങി മധുര, കൊടെകനാല്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് കയ്യൂര്‍ സഹകരണ ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന ടൂര്‍ പാക്കേജ്. 4500 രൂപയാണ് ഒരാള്‍ക്കുള്ള ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

കയ്യൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ 2021 മുതല്‍ വിവിധ വിനോദ യാത്രകള്‍ സംഘടിപ്പിച്ച് വരുന്നുണ്ടെന്നും ഇതിന്റെ തുടര്‍ച്ചായണ് ഇപ്പോഴത്തേത് എന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. നേരത്തെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ ബാങ്കിന്റെ നേതൃത്വത്തില്‍ യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിനോദയാത്രയുടേയും ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിറ്റുപോയിക്കഴിഞ്ഞു. ഒരു ട്രിപ്പ് മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഇതില്‍ 45 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക എന്നും കയ്യൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി പവിത്രന്‍ പി പി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed