മന്ത്രിമാർ അടിക്കടി വാഹനങ്ങൾ മാറുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. പ്രത്യേകിച്ച് കേരളത്തിലാണ് ഇത് സംസാര വിഷയമാവാറുള്ളത്. നമ്മുടെ സ്വന്തം മുഖ്യമന്ത്രി ടൊയോട്ട ഇന്നോവ ഉപേക്ഷിച്ച് കിയ കാർണിവൽ എന്ന പ്രീമിയം വാഹനത്തിലേക്ക് ഔദ്യോഗിക യാത്രകൾ മാറ്റിയതെല്ലാം വലിയ വാർത്തയായിരുന്നു. അത്യാഡംബര സൌകര്യങ്ങളും ഫീച്ചറുകളും യാത്രാ സുഖവും സുരക്ഷയുമുള്ള എംപിവിയാണ് ഇപ്പോൾ സഖാവ് പിണറായി വിജയനുള്ളത്. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് മുട്ടുവേദന കാരണം യാത്രകൾ ടൊയോട്ട വെൽഫയർ എന്ന ആഡംബര എംപിവിയിലേക്ക് മാറാൻ പോവുകയാണെന്നതാണ് പുതിയ വാർത്ത.

എന്നാൽ നമ്മുടെ കേരളത്തിന്റെ മുഖ്യനല്ല കേട്ടോ, അയൽ സംസ്ഥാനമായ കർണാടകയിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയാണ് ഔദ്യോഗിക യാത്രകൾക്കായി പുത്തൻ ആഡംബര കാർ വാങ്ങാൻ ഒരുങ്ങുന്നത്. കാൽമുട്ട് വേദന അനുഭവിക്കുന്ന സിദ്ധരാമയ്യ പുതിയ കാർ വാങ്ങാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ കന്നഡ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലവിൽ ഉപയോഗിക്കുന്ന സർക്കാർ കാറിൽ കയറാനോ ഇറങ്ങാനോ കഴിയാത്തതിനാലാണ് പുതിയ ടൊയോട്ട വെൽഫയർ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇതിന്റെ ഭാഗമായി സിദ്ധരാമയ്യ ടൊയോട്ട വെൽഫയർ എംപിവി ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്തു. പക്ഷേ വാഹനം ഓടിച്ച് നോക്കുകയല്ല, പകരം പിൻസീറ്റിലിരുന്ന് യാത്ര ആസ്വദിക്കുകയും കയറാനും ഇറങ്ങാനും എളുപ്പമാണോയെന്നുമാണ് കർണാടക മുഖ്യമന്ത്രി പരീക്ഷിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി വിധാൻ സൗധയിൽ എത്തിയ സിദ്ധരാമയ്യ ടൊയോട്ട വെൽഫയർ പരീക്ഷണ കാറിൽ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

അസുഖം കാരണം നിലവിലെ സർക്കാർ വാഹനത്തിൽ യാത്ര ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടാണ്. കാറിൽ കയറാനും ഇറങ്ങാനും അദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടി വരുന്നുണ്ട്. ഇത് കാൽമുട്ട് വേദന വർധിപ്പിക്കുന്നതിനും കാരണമായി. ഇക്കാരണത്താൽ അടുത്ത സുഹൃത്തുക്കളാണ് പുതിയ കാർ വാങ്ങാൻ ഉപദേശിച്ചത്. ഇപ്പോൾ കർണാടകയുടെ മുഖ്യന്റെ ഔദ്യോഗിക വാഹനം ടൊയോട്ടയുടെ തന്നെ ഫോർച്യൂണർ എസ്യുവിയാണ്.

എസ്യുവിയായതിനാൽ തന്നെ നല്ല ഉയരമുള്ള വാഹനത്തിൽ പ്രായമായവർക്ക് കയറാനും ഇറങ്ങാനും അൽപം ബുദ്ധിമുട്ടാണ്. കാൽമുട്ട് വേദന അനുഭവിക്കുന്ന സിദ്ധരാമയ്യക്ക് ഫോർച്യൂണറിലേക്കുള്ള കയറ്റം എന്തായാലും ദുഷ്ക്കരമായിരിക്കുമെന്ന് ഊഹിക്കാല്ലോ. ഈ സാഹചര്യത്തിൽ വാഹനം മാറുന്നത് തന്നെയാണ് ഉചിതം. വെൽഫയർ എംപിവിയാവുമ്പോൾ യാത്രകളും അടിപൊളിയാവും.
1.62 കോടി രൂപയോളമാണ് ടൊയോട്ടയുടെ ഈ ആഡംബര മൾട്ടി പർപ്പസ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന വില. 193 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് വെൽഫയറിന്റെ ഹൃദയം. ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എംപിവിക്ക് 19.28 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി പറയുന്നുണ്ട്.
