ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി പിടിച്ചത്. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ പരാതികളായി പുറത്തു വരുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.

ഇന്ന് രാവിലെ മുതലാണ് അല്‍ മുക്താദിറിന്റെ ജുവല്ലറികളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കൊച്ചിയിലും തിരുവനന്തുപത്തും അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ഉയര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അല്‍ മുക്താദിറില്‍ പരിശോധന നടക്കുന്നത്.

ജുവല്ലറിയില്‍ മുന്‍കൂര്‍ പണം സ്വീകരിച്ചുള്ള സ്വര്‍ണ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മുന്‍കൂര്‍ പണം വാങ്ങിയ ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. മുന്‍കൂര്‍ ഡിപ്പോസിറ്റ് സ്വീകരിക്കുന്ന മാര്‍ഗ്ഗം ജുവല്ലറിയുടെ ഓരോ ശാഖകളിലും നടക്കുന്നുണ്ട്. ഇങ്ങനെ വന്‍തോതില്‍ പലരില്‍ നിന്നുമായി പണം വാങ്ങിയിണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധനയുമായി രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *