ഡിസംബർ 14 നായിരുന്നു ലുലു ഗ്രൂപ്പിന്റെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയത്ത് ആരംഭിച്ചത്. കോട്ടയം മണിപ്പുഴയിലാണ് മിനിമാള്‍ പ്രവർത്തിക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്‌ട്, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ മിനി മാള്‍. കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ മാള്‍ കൂടിയാണ്.രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ കിടക്കുനത്.

തൊട്ടടുത്ത് കിടക്കുന്ന കൊച്ചിയിലേത് പോലെ ഒരു വലിയ ഷോപ്പിങ് മാളുകളൊന്നും കോട്ടയത്തിന് ഉണ്ടായിരുന്നില്ല. ആ സ്ഥലത്തേക്കാണ് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിച്ച്‌ ലുലുവിന്റെ മാള്‍ എത്തിയത്. ഇപ്പോഴിതാ മാളിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കോട്ടയത്തുകാർ. മാള്‍ ആരംഭിച്ചത് മുതല്‍ തുടങ്ങിയ തിരക്കിന് ഇപ്പോഴും യാതൊരു കുറവുമില്ല. ഉദ്ഘാടന ഓഫറുകള്‍ ഉള്ളത് കൊണ്ട് തന്നെ ജനം ലുലുവിലേ്ക്ക് ഒഴുകിയെത്തുകയാണ്. തിരക്ക് കാരണം ലുലുവിലേക്ക് അടുക്കാൻ തന്നെ കഴിയുന്നില്ലെന്നാണ് വ്ലോഗർമാർ അടക്കമുള്ളവർ പറയുന്നത്.

അതേസമയം കോട്ടയത്തെ ലുലുവില്‍ എത്തുന്ന ആളുകളെ കണ്ട് യഥാർത്ഥത്തില്‍ യൂസഫലിയും ഞെട്ടിയിരിക്കുകയാണ്. തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ആളുകള്‍ മാളിലേക്ക് വരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം കൊട്ടിയത്ത് നടന്ന ലുലു ഡെയ്ലിയുടെ ഉദ്ഘാടനത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കിയത്. ആരംഭിക്കുന്നിടത്തെല്ലാം ലുലുവിലേക്ക് ആളുകള്‍ കുത്തിയൊഴുകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒരു മിനിമാള്‍ എങ്കിലും തുടങ്ങിക്കൂടെയെന്ന് ചടങ്ങിനിടെ യൂസഫലിയോട് ചോദ്യം ഉയർന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ തുടങ്ങാത്തതിന് പല കാരണങ്ങളും ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

വെറുതെ ഒരു ജില്ലയില്‍ മാള്‍ തുടങ്ങുകയല്ല, മറിച്ച്‌ അവിടുത്തെ സാഹചര്യമെല്ലാം കൃത്യമായി പഠിച്ചിട്ടാണ് ലുലു തങ്ങളുടെ മാളുകള്‍ ആരംഭിക്കുന്നത്. മാള്‍ തുടങ്ങുന്നത് എത്രത്തോളം ലാഭകരമാണെന്നും ബിസിനസ് വിജയമായിരിക്കുമോയെന്നുമൊക്കെ പഠിക്കാൻ പ്രത്യേക സർവ്വെ തന്നെ നടത്തുമത്രേ. ഇതിനായി വലിയൊരു ടീം തന്നെ ലുലുവിനുണ്ട്. എന്ന് വെച്ച്‌ തുടങ്ങിടത്തെല്ലാം ലുലു വമ്ബൻ വിജയമാകണമെന്നില്ലെന്നും അദ്ദേഹം പറയുന്നു. ചിലയിടത്ത് നഷ്ടങ്ങളും സംഭവിക്കാം, എന്ന് വെച്ച്‌ വെല്ലുവിളി ഏറ്റെടുക്കാതിരിക്കാനാകില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ലുലു ഗ്രൂപ്പ് അഞ്ച് മാളുകള്‍ കൊണ്ട് തങ്ങളുടെ കേരളത്തിലെ സംരംഭം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇനി മലപ്പുറത്താണ് ലുലു പുതിയ മാളുകള്‍ ആരംഭിക്കുന്നത്. പെരിന്തല്‍മണ്ണയിലും തിരൂരിലുമാണ് പുതിയ മാളുകള്‍ വരുന്നത്. മാളുകളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകള്‍. പെരിന്തല്‍മണ്ണയില്‍ 3.5 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് മാള്‍ ഒരുങ്ങുന്നത്. തിരൂരില്‍ കുറ്റിപ്പുറം റോഡില്‍ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാള്‍.

പാലക്കാട്, കോഴിക്കോട്, കൊച്ചി, തിരുവന്തപുരം , കോട്ടയം എന്നിവിടങ്ങളിലാണ് കേരളത്തില്‍ ലുലുമാളുകള്‍ പ്രവർത്തിക്കുന്നത്. കേരളത്തിന് പുറമെ ബാംഗ്ലൂർ, അഹമ്മദാബാദ്, കോയമ്ബത്തൂർ എന്നിവിടങ്ങളിലെല്ലാം ലുലു മാള്‍ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ലുലു. 4000 കോടിയോളം രൂപയാണ് ഇതിനായി നിക്ഷേപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *