സർക്കാർ ആശുപത്രിയിൽ സിനിമാ ഷൂട്ടിംഗ് വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. പ്രവൃത്തി സമയത്ത് സർക്കാർ ആശുപത്രിയിൽ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫഹദ് ഫാസിൽ ചിത്രം വിവാദങ്ങളിൽ നിറയുകയും, ഷൂട്ടിങ് തടസപ്പെടുകയും ചെയ്തതിന്റെ തുടർച്ചയിലാണ് മാസങ്ങൾക്കിപ്പുറം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാർ ആശുപത്രിയിലെ സിനിമ ഷൂട്ടിങ് പൂർണമായും അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമായി രംഗത്തിയിരിക്കുന്നത്.

24 മണിക്കൂർ സേവനനങ്ങളായ ക്യാഷ്വാലിറ്റി ഉൾപ്പെടെയുള്ള ആശുപത്രികളിൽ സിനിമാ ഷൂട്ടിങ് അനുവദിക്കരുത് എന്നാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം വികെ ബീന കുമാരി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ജൂണിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഇനി മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ താലൂക് ആശുപത്രി സുപ്രണ്ടിന് താക്കീതും നൽകി.

ഈ സംഭവവുയമായി ബന്ധപ്പെട്ട് എല്ലാ സർക്കാർ ആശുപത്രിയിലെയും സൂപ്രണ്ടുമാർക്കാവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് കമ്മീഷൻ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. അങ്കമാലി താലൂക് ആശുപത്രി സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ സംഭവം നടന്ന ജൂൺ 27ന് ഷൂട്ടിങ് തിരക്കുകൾക്കിടയിലും രോഗികൾക്ക് ആവശ്യമായ സേവനം നൽകുന്നുണ്ടായിരുന്നു എന്നായിരുന്നു വിശദീകരണം.

രോഗികൾക്ക് ശുശ്രുഷ നൽകേണ്ടുന്ന സർക്കാർ ആശുപത്രികളിൽ ഷൂട്ടിങ്ങിന് അനുമതി നൽകുന്നത് ആരോഗ്യജീവനക്കാർ ജോലിയിൽ പ്രവേശിക്കുമ്പോൾ ചൊല്ലുന്ന പ്രതിജ്ഞയ്ക്ക് വിപരീതമാണെന്നും കമ്മീഷൻ പറഞ്ഞു. മാത്രവുമല്ല സിനിമാപ്രവർത്തകർ ഷൂട്ടിങ്ങിനായി സർക്കാർ ആശുപത്രി തിരഞ്ഞെടുക്കുന്നത് ഉചിതമല്ലെന്നും കമ്മീഷൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും കൂട്ടിച്ചേർത്തു.

സിനിമാ ഷൂട്ടിങ് കാരണം രോഗികൾക്ക് യാതൊരുതരത്തിലുമുള്ള അസൗകര്യമുണ്ടായിട്ടില്ലെന്ന ആശുപത്രി അധികതൃതരുടെ വിശദീകരണം തള്ളിയ കമ്മീഷൻ സിനിമ ഷൂട്ട് ചെയ്യാൻ ആശുപത്രി വിട്ടുകൊടുക്കാൻ തീരുമാനിച്ചതു തന്നെ തെറ്റാണെന്ന് പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *