കാഞ്ഞിരപ്പള്ളി: ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച്‌ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ച്‌ മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ മൂന്നാം വര്‍ഷം ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ സെബിന്‍ സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച്‌ നിലവിലുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടന്നത്.

ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ചതിന്റെ റെക്കോര്‍ഡ്. 41 മില്ലിമീറ്റര്‍ നീളവും, 37 മില്ലിമീറ്റര്‍ വീതിയുമുള്ള വാഷിംഗ് മെഷിന്‍ നിര്‍മ്മിച്ചതിനായിരുന്നു റെക്കോര്‍ഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിംഗ് മെഷീന്‍ 40 മിനിറ്റുകൊണ്ട് കൊണ്ട് നിര്‍മ്മിച്ചാണ് സെബിന്‍ ഇത് മറികടന്നത്. 33.6 മില്ലിമീറ്റര്‍ നീളവും, 32.5 മില്ലി മീറ്റര്‍ വീതിയുമുള്ള വാഷിംഗ് മെഷീനാണ് സെബിന്‍ നിര്‍മ്മിച്ചത്.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ ഇലക്‌ട്രോണിക്സ് വിഭാഗം വിദ്യാര്‍ഥിയായ സെബിന്‍ മാതാപിതാക്കളും സഹപാഠികളും അടങ്ങുന്ന സദസിന്റെ മുന്‍പിലാണ് ഇത്തിരിക്കുഞ്ഞന്‍ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ചത്. ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിച്ച വാഷിംഗ് മെഷീനില്‍ തത്സമയം തുണി കഴുകുകയും ചെയ്തു. സാക്ഷ്യപത്രവും, വിഡിയോയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഗിന്നസ് അധികൃതര്‍ക്ക് അയച്ചുനല്‍കി. സെബിനെ തേടി ഗിന്നസ് അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി.

സ്‌കൂള്‍ കാലഘട്ടം മുതല്‍ ഇലക്‌ട്രോണിക്സുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ ചെയ്തിരുന്നതായി സെബിന്‍ പറയുന്നു. ഏഴാം ക്ലാസ് വരെ പഠനം നടത്തിയ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ വച്ച്‌ സയന്‍സ് എക്‌സിബിഷനുകളില്‍ പങ്കെടുത്തിരുന്നു. ഹൈസ്‌കൂളിലും സയന്‍സ് എക്‌സിബിഷനുകളില്‍ പങ്കെടുക്കുകയും ഇന്‍ക്യുബേറ്റര്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. പത്താം ക്ലാസില്‍ വച്ച്‌ പുഴകളിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്ന പ്രോജക്‌ട് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പ്ലസ് ടു കാലത്തും സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed