ബുധനാഴ്‌ചപുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്‌ഥാനത്ത് വ്യാപക നാശനഷ്‌ടം. ട്രാക്കുകളിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകിയോടുന്നു. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് വൈകിയത്. ഓച്ചിറയ്ക്കടുത്ത് ട്രാക്കിൽ മരം വീണതോടെ എറണാകുളത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. പാലരുവി എക്സ്പ്രസാണ് ഓച്ചിറയിൽ പിടിച്ചിട്ടിരുന്നത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം – ആലപ്പുഴ ട്രെയിൻ ഹരിപ്പാട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ് കൊല്ലം ജംക്‌ഷനിലും പിടിച്ചിട്ടിട്ടുണ്ട്.

ആലപ്പുഴ തുറവൂരിൽ കാറിനു മുകളിൽ മരം വീണു. തൃശൂർ മലക്കപ്പാറയിൽ പാലത്തിനു സമീപം മണ്ണിടിഞ്ഞ് മലക്കപ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.

കോട്ടയത്തും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. കോട്ടയം, കുമരകം ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടവിട്ട ശക്ത‌മായ തുടരുകയാണ്. കുമരകത്തെ ഗ്രാമീണ റോഡുകളിൽ മരം വീണ് ഗതാഗത തടസമുണ്ടായി. നാട്ടകം പോളിടെക്നിക്കിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു. എം സി റോഡിൽ നിന്ന് നാട്ടകം പോർട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. എംസി റോഡിൽ ഗതാഗത തടസ്സമില്ല. പള്ളം, പുതുപ്പള്ളി, എംജി യൂണിവേഴ്‌സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലും മരം വീണു. അഗ്നിരക്ഷാ സേന മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങി.

ശക്തമായ മഴയിൽ ഇടമറുക് രണ്ടാറ്റുമുന്നിയിൽ റോഡിലേക്ക് വെള്ളം കയറി. കിഴക്കൻ മേഖലയിൽ മഴ തുടരുകയാണ്. പള്ളം പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു, മരം വീണ് ഇരുചക വാഹനങ്ങൾക്കും കേടുപാടുണ്ടായി. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ കാറ്റ് വീശിയത് കുമരകത്ത് ആണ്. മണിക്കൂറിൽ 57.5 കിലോമീറ്റർ വേഗത്തിലാണ് കുമരകത്ത് ഇന്ന് പുലർച്ചെ കാറ്റ് വീശിയത്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്ത‌മായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *