തിരുവനന്തപുരം: കുവൈത്ത് തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അ‌ഞ്ച് ലക്ഷം രൂപ വീതം കൈമാറും.

എംഎ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയ്ക്ക് തുക കൈമാറി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്കും എംഎ യൂസഫലി ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ നോർക്ക ലഭ്യമാക്കുന്നതനുസരിച്ച് ബാക്കിയുള്ള തുകയും നോര്‍ക്കയ്ക്ക് ഉടൻ കൈമാറും.

കഴിഞ്ഞ മാസം 12-ന് പുലര്‍ച്ചെയാണ് തെക്കന്‍ കുവൈത്തിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാരടക്കം 49 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരും കുവൈത്ത് ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *