മുംബൈ: രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ‍േജ. ബാര്‍ബഡോസില്‍ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇൻസ്റ്റയിലൂടെ അറിയിച്ചത്.

”നന്ദി നിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ, ഞാൻ എപ്പോഴും എന്‍റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്. മറ്റ് ഫോർമാറ്റുകളിൽ അത് ഇനിയും തുടരും. ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്‍റെ ടി20 അന്താരാഷ്ട്ര കരിയറിന്‍റെ ഏറ്റവും ഉന്നതിയിലാണ് ഇപ്പോഴുള്ളത്. ഓർമ്മകൾക്കും സന്തോഷങ്ങൾക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി” – ജ‍ഡേജ ഇൻസ്റ്റയില്‍ കുറിച്ചു.

എംഎസ് ധോണിയുടെ നേതൃത്വത്തിൽ ടീമിലെത്തിയതിന് ശേഷം സ്പിൻ ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീം ഇന്ത്യയുടെ കരുത്തായി ജ‍ഡേജ മാറിയിരുന്നു. ടീം ഇന്ത്യക്ക് വേണ്ട 74 ടി 20 മത്സരങ്ങള്‍ കളിച്ച ജ‍ഡേജ 54 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 515 റണ്‍സും അടിച്ചുകൂട്ടി. നേരത്തെ, ലോകകപ്പ് വിജയത്തിന് ശേഷം ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed