പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്.
മൂന്ന് മാസത്തിനിടെ നാലാം തവണയാണ് പ്രധാനമത്രിയുടെ കേരള സന്ദർശനം. അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാൽ അടക്കം വേദിയിലുണ്ടാകും.
ഇന്ന് കന്യാകുമാരിയിലും തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനായി പ്രധാനമന്ത്രി എത്തുന്നുണ്ട്. കന്യാകുമാരിയിൽ ബിജെപിയുടെ റാലിയിൽ നരേന്ദ്ര മോദി പ്രസംഗിക്കും. സഖ്യരൂപീകരണം പൂർത്തിയാകാത്തതിനാൽ, തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥിയെയും ബിജെപിക്ക് പ്രഖ്യാപിക്കാനായിട്ടില്ല. അതേസമയം 19ന് പാലക്കാട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയിൽ പങ്കെടുക്കും.

