അയോധ്യ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്‌റ്റേജുകൾ കെട്ടി വിവിധ സംസ്‌ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നു.

ഇന്നു പുലർച്ചെ മുതൽ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്‌തരെയും ഇന്നു പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമാണ്പ്രവേശനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങിന്റെ ‘മുഖ്യ യജമാനൻ.12.05 മുതൽ 12.55 വരെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾ. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലർച്ചയോടെ തുടങ്ങി.

രാവിലെ ജലാഭിഷേകവും നടന്നു.മൈസൂരുവിലെ ശിൽപി അരുൺയോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്‌റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണ് പ്രാണപ്രതിഷ്ഠ സമയത്ത് ശ്രീകോവിലിൽ ഉണ്ടാവുക എന്നാണ് ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. കാശിയിലെ പുരോഹിതൻ ലക്ഷീ കാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *