തൃശൂർ: ഉപജീവനത്തിനായി കൊരട്ടിയിൽ ഉണ്ണിയപ്പം വിൽക്കുന്ന വീട്ടമ്മയുടെ മൂവായിരം രൂപയടങ്ങുന്ന പഴ്സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ആർക്കെങ്കിലും കളഞ്ഞു കിട്ടിയ ആ പഴ്സ് തിരിച്ചുതരണമെന്നാണ് അങ്കമാലി ചെങ്ങമനാട് സ്വദേശിയായ ബിന്ദുവിൻ്റെ അഭ്യർഥന.

കൊരട്ടി പള്ളിയുടെ മുമ്പിൽ ഉണ്ണിയപ്പം വിൽക്കുന്ന വീട്ടമ്മയാണ് ബിന്ദു. അങ്കമാലി ചെങ്ങമനാടാണ് സ്വദേശം. ഏഴു വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു. കൊരട്ടിയിൽ നിന്ന് വീട്ടിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെയാണ് പഴ്സ‌് നഷ്‌ടപ്പെട്ടത്. ക്ഷീണം കൊണ്ട് ബസിലിരുന്നു മയങ്ങിപ്പോയതിനിടെയാണ് പഴ്സ് കാണാതായത്. ബസിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
മകനും നാലു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനം ഉണ്ണിയപ്പ വിൽപനയിലൂടെ കിട്ടുന്ന തുച്‌ഛമായ വരുമാനമാണ്. പുലർച്ചെ നാലു മണിയ്ക്ക് ഉറക്കമുണർന്ന് ഉണ്ണിയപ്പം ഉണ്ടാക്കും. വീട്ടിലെ ജോലിയ്ക്കും മക്കളെ സ്‌കൂളിൽ വിറ്റ ശേഷം ഉണ്ണിയപ്പം വിൽക്കാനിറങ്ങുകയാണ് പതിവ്.
മകൻ്റെ പഠനം എസ്.എസ്.എൽ.സിയോടെ അവസാനിച്ചു. താഴെയുള്ള മകൾ എസ്എസ്എൽസി വിദ്യാർഥിനി, ഇളയമകൾ ഇപ്പോൾ ഏഴാം ക്ലാസിൽ. വീടിന്റെ വാടക, വൈദ്യുതി ചാർജ്, മക്കളുടെ സ്കൂൾ ഫീസ് എല്ലാത്തിനുമായി പ്രതിമാസം വലിയ തുക വേണം. മൂത്തമകനും ഇടയ്ക്ക് അമ്മയെ സഹായിക്കുവാൻ ഒപ്പമുണ്ടാകും.
ഇത്രയും കഷ്ടപ്പെട്ടുണ്ടാക്കിയ തുകയാണ് പഴ്സിലുള്ളത്. ഈ വാർത്ത കാണുന്ന ആർക്കെങ്കിലും ആ പഴ്‌സ് കിട്ടിയാൽ തുക സഹിതം തിരിച്ചു കിട്ടണമെന്നാണ് ബിന്ദുവിൻ്റെ അപേക്ഷ.


