ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ നിർദേശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി.
ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‍കരിക്കാൻ ഡൽഹിയിൽ ചേർന്ന ഇൻഡ്യ മുന്നണി സഖ്യത്തിന്റെ നിർണായക യോഗത്തിലാണ് മമത നിർദേശം മുന്നോട്ടുവെച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഖാർഗയെ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഖാർഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. മികച്ച ഭൂരിപക്ഷത്തിൽ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്ന് ഖാർഗെ പറഞ്ഞു.
‘എംപിമാർ ഇല്ലെങ്കിൽ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിട്ട് എന്ത് പ്രയോജനം? നമ്മൾ ആദ്യം ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടുവരാൻ ശ്രമിക്കണം’ പ്രധാനമന്ത്രി സ്ഥാനാർഥി നിർദേശം സംബന്ധിച്ച ചോദ്യത്തോട് വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
