കൊച്ചി: നവകേരള സദസിനായി സ്കൂൾ മതിൽ പൊളിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. നവകേരള സദസ് നടത്തുന്നതിന് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി ആരാഞ്ഞു.

സംഭവിച്ചു പോയെന്നായിരുന്നു സർക്കാറിന്റെ മറുപടി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. ആരാണ് നവ കേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി, ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശിച്ചു.

ഡിസംബർ 18ന്​ നവകേരള സദസ്സ്​ നടത്താൻ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്‍റെ മൈതാനം വിട്ടു നൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവർ നൽകിയ ഹരജിയിലാണ്​ ഇന്ന് പകർപ്പ്​​ ഹാജരാക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *