മഞ്ചേരി: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ.മലപ്പുറം വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ ഫജറുദ്ദീനെയാണ് (22) മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒൻപതു മാസം കൂടി അധികതടവ് അനുഭവിക്കണം.

രണ്ട് പോക്സോ വകുപ്പുകളിലായി ഇരുപതുവർഷംവീതം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണ തടവുമാണ് ശിക്ഷ.പ്രകൃതിവിരുദ്ധ പീഡനക്കുറ്റത്തിന് പത്തുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണതടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചാൽ തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2021 ഓഗസ്റ്റ് 29-ാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നുവന്ന കുട്ടിയെ രാത്രിയിൽ കിടന്നുറങ്ങുന്ന സമയത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി. പ്രതിയെ ശിക്ഷയുടെഭാഗമായി തവനൂർ സെൻട്രൽ ജയിലിലേക്കയയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *