കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ വ്യാഴാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും.

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.ബി.ഗണേഷ്കുമാർ, ജെ.ചിഞ്ചുറാണി, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. തുടർന്ന് 24 വേദികളിൽ മത്സരങ്ങൾക്ക് തുടക്കമാകും. 59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കുന്നത്.

പതിനാലായിരത്തോളം മത്സരാർഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ എത്തും. നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി. കലോത്സവത്തിൻറെ സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയാവും.
