രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. കോൺഗ്രസിൽ നിന്ന് പതിനൊന്ന് മന്ത്രിമാരും ഘടകകക്ഷികളിൽ നിന്നുള്ള ഒമ്പത് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ നിര. ഏറെ നാളുകൾക്ക് ശേഷമാണ് കോൺഗ്രസ് മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാർ ഒരുമിച്ച് വരുന്നത് എന്ന സവിശേഷതയും ഈ പട്ടികയ്ക്കുണ്ട്. മുതിർന്ന നേതാവ് തിരുനഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ് പുതിയ ഡെപ്യൂട്ടി സ്പീക്കർ. നഫീസത്ത് ബീവിക്ക് ശേഷം കാലങ്ങൾക്ക് ശേഷമാണ് ഒരു വനിത നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് എത്തുന്നതെന്ന ചരിത്രപരമായ നേട്ടവും ഇതോടെ യാഥാർത്ഥ്യമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
പ്രഖ്യാപിക്കപ്പെട്ട കോൺഗ്രസ് മന്ത്രിമാർരമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെമുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, ടി. സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്നത്.ഘടകകക്ഷികളിൽ നിന്ന് സി.പി. ജോൺ (CMP), മോൻസ് ജോസഫ് (കേരള കോൺഗ്രസ്), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് – ജേക്കബ്), ഷിബു ബേബി ജോൺ (RSP) എന്നിവരും മന്ത്രിമാരാകും. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ നേരത്തെ തന്നെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിനാണ് നൽകിയിട്ടുള്ളതെന്നും വ്യക്തിയെ ആ പാർട്ടി തന്നെ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.സാമൂഹികവും പ്രാദേശികവുമായ എല്ലാ ഘടകങ്ങളും കൃത്യമായി കണക്കിലെടുത്താണ് കോൺഗ്രസ് മന്ത്രിമാരെ തീരുമാനിച്ചതെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിക്കായി അധ്വാനിച്ച, മന്ത്രിസ്ഥാനത്തിന് പൂർണ്ണമായും അർഹരായ ഒരുപാട് പേരെ പലവിധ പരിമിതികൾ കാരണം ഇത്തവണ പരിഗണിക്കാൻ സാധിച്ചിട്ടില്ല. ഇതിൽ തനിക്ക് വലിയ ദുഃഖമുണ്ട്. എഐസിസി നേതൃത്വത്തിന്റെ പൂർണ്ണമായ അനുവാദത്തോടെയാണ് ഈ അന്തിമ പട്ടിക തയ്യാറാക്കിയത്.
“മുഖ്യമന്ത്രിയെക്കാൾ വലിയ ശ്രീനാരായണീയൻ ആരാണുള്ളത്” എന്ന ചോദ്യത്തോടെയാണ് സമുദായ സമവാക്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്.മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് മുന്നണിയിൽ ഏകദേശ ധാരണയായിട്ടുണ്ടെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പതിവുപോലെ തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വകുപ്പുകൾ അടങ്ങിയ കൃത്യമായ ലിസ്റ്റ് ഗവർണ്ണർക്ക് കൈമാറും. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തുവരുമ്പോൾ ‘അടുത്ത വിസ്മയം’ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

