ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിയില്‍ പോലും എത്തില്ലെന്നും സെമിയിലെത്തിയപ്പോള്‍ ഇന്ത്യ ഫൈനലില്‍ എത്തില്ലെന്നും പ്രവചിച്ച് പരിഹാസ്യനായിട്ടും പാക് പേസര്‍ മുഹമ്മദ് ആമിറിനു മാറ്റമൊന്നുമില്ല. ഇനി പ്രവചിക്കാന്‍ മത്സരമില്ലാത്തതിനാല്‍ ആമിര്‍ ആ പ്രഖ്യാപനവും നടത്തിയിരിക്കുന്നു.
ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടില്ല. ന്യൂസിലന്‍ഡ് കിരീടം സ്വന്തമാക്കുമെന്നാണ് മുന്‍ താരത്തിന്റെ പുതിയ പ്രവചനം.ഇന്ത്യ സെമി പോലും എത്തില്ലെന്നു പ്രാഥമിക ഘട്ടത്തിലാണ് ആമിര്‍ പ്രവചിച്ചത്. ഇന്ത്യ സൂപ്പര്‍ എട്ടില്‍ എത്തിയപ്പോഴും താരം ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക പോരാട്ടം ജയിച്ച് ഇന്ത്യ സെമി ഉറപ്പിച്ചു. പിന്നാലെ അടുത്ത പ്രവചവും വന്നു. ഇന്ത്യ ഫൈനല്‍ കാണില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലുറപ്പിച്ചതിനു പിന്നാലെയാണ് കിരീടം നേടില്ലെന്ന പുതിയ പ്രവചനം.
‘മുംബൈയിലെ പിച്ച് പോലെയല്ല അഹമ്മദാബാദിലേത്. പേസും ബൗണ്‍സും നിറഞ്ഞതാണ് അഹമ്മദാബാദിലേത്. ന്യൂസിലന്‍ഡ് തീര്‍ച്ചയായും ഇന്ത്യയെ പരീക്ഷിക്കും. ഫൈനല്‍ പോരാട്ടമാണ്. ബൗളിങും ഫീല്‍ഡിങും നോക്കിയാല്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനാണ്’.
‘ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് രണ്ട് നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്. അത് മാച്ച് വിന്നിങ് ക്യാച്ചുകളായിരുന്നു. അത്തരം തെറ്റുകള്‍ ന്യൂസിലന്‍ഡ് ഇന്ന് ഒഴിവാക്കിയാല്‍ ഇന്ത്യയെ അവര്‍ക്ക് തോല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്’- ആമിര്‍ തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

