77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും.
പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.
നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രതയാണ്.

