പുതുവർഷം ജീവിതത്തിലെ പുതിയൊരു തുടക്കത്തിനുള്ള അവസരമാണ്. പോയ വർഷത്തെ ദുഃഖങ്ങളും പ്രയാസങ്ങളും മറന്ന് വരുംവർഷത്തെ നന്മകൾക്കായി പ്രതീക്ഷകളോടെ പുതിയ വർഷം സ്വാഗതം ചെയ്യുകയാണ് നമ്മൾ. ലോകം 2026-നെ വരവേൽക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ പുതിയൊരു കാര്യം ട്രെൻഡായിരിക്കുകയാണ്. പുതുവർഷരാവിൽ അർധരാത്രിയിൽ മേശയ്ക്കടിയിലിരുന്ന് 12 മുന്തിരികൾ കഴിക്കുക. വരും വർഷത്തിൽ പ്രണയം, ഭാഗ്യം, ഐശ്വര്യം എന്നിവ കൈവരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതത്രേ.
കേൾക്കുമ്പോൾ രസകരമാണെങ്കിലും ഇത് കേവലമൊരു സോഷ്യൽ മീഡിയാ ട്രെൻഡ് അല്ലത്രേ ! സ്പെയിനിൽ നിലവിലുള്ള പുതുവർഷരാത്രിയിലെ ഒരു ആചാരമാണിത്.
എന്താണ് 12 മുന്തിരികളുടെ പ്രത്യേകത ?
അതെ, 12 മുന്തിരികൾ ഒരു വർഷത്തെ ഓരോ മാസങ്ങളേയും പ്രതിനിധീകരിക്കുന്നു. അർധരാത്രിയിൽ പുതുവർഷം പുലരുന്നതിന് തൊട്ടുമുമ്പ് ഓരോ സെക്കന്റിലും ഓരോ മുന്തിരി വീതം കഴിക്കണം. അതാണ് ആ ആചാരം.
“ലാസ് ഡോസെ ഉവാസ് ഡി ലാ സുവെർട്ടെ” (Las Doce Uvas de la Suerte) അഥവാ ഭാഗ്യത്തിന്റെ പന്ത്രണ്ട് മുന്തിരികൾ എന്നറിയപ്പെടുന്ന ഈ പാരമ്പര്യം 1800-കളുടെ അവസാനത്തിൽ മഡ്രിഡിലാണ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. ഡിസംബർ 31 അർധരാത്രിയിൽ പ്യൂർട്ട ഡെൽ സോൾ ചത്വരത്തിലെ ക്ലോക്കിൽ 12 തവണ മണി മുഴങ്ങുമ്പോൾ, കുടുംബാംഗങ്ങൾ ഒത്തുകൂടുകയും ഓരോ മണിമുഴക്കത്തിനും ഒന്ന് എന്ന ക്രമത്തിൽ ആകെ 12 മുന്തിരികൾ കഴിക്കുകയും ചെയ്യുന്നു. അക്കാലത്തെ പ്രഭുക്കന്മാർ ക്രിസ്മസ് കാലത്ത് മുന്തിരിയും ഷാംപെയിനും കഴിക്കുന്ന പതിവുണ്ടായിരുന്നുവെന്നും അതിനെ പരിഹസിച്ചുകൊണ്ട് സാധാരണക്കാർ പ്യൂർട്ട ഡെൽ സോളിൽ ഒത്തുകൂടി മുന്തിരി കഴിക്കാൻ തുടങ്ങിയതാണെന്നും കഥയുണ്ട്.
1900-കളുടെ അവസാനത്തിൽ അലിസാന്റെ മേഖലയിലെ മുന്തിരി കർഷകർക്ക് ആവശ്യത്തിലധികം വിളവ് ലഭിച്ചു. അധികം വന്ന മുന്തിരികൾ വിറ്റഴിക്കാനായി അവർ കണ്ടെത്തിയ ഒരു വിദ്യയായിരുന്നു ഈ “ഭാഗ്യ മുന്തിരികൾ” എന്ന ആശയം. ഇത് പിന്നീട് വലിയൊരു പാരമ്പര്യമായി മാറിയെന്നതാണ് മറ്റൊരു കഥ.
പക്ഷെ മേശക്കടിയിലിരുന്ന് കഴിക്കുന്നതെന്തിന് ?
മുകളിൽ പറഞ്ഞ ആചാരത്തിന്റെ സോഷ്യൽ മീഡിയാ പതിപ്പാണ് ഇപ്പോൾ നാം കാണുന്നത്. മേശക്കടിയിലിരുന്ന് മുന്തിരികൾ കഴിച്ചാൽ പ്രണയസാഫല്യവും ഭാഗ്യവും ഐശ്വര്യവും കൈവരുമെന്നാണ് പ്രചാരണം.

