കള്ള് ചെത്തുന്നത് എങ്ങനെയെന്ന് പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എന്നാൽ അതിന് അവസരം ഒരുക്കിയിരിക്കുകയാണ് കേരളാ കാർഷിക സർവകലാശാല. കേരളാ ടോഡി ബോർഡുമായി സഹകരിച്ചാണ് ഒരു മാസത്തെ കോഴ്സ് സർവകലാശാല തയ്യാറാക്കിയിരുന്നത്. ടോഡി ബോർഡിന്റെ പദ്ധതി റിപ്പോർട്ട് എക്‌സൈസ് ഡിപ്പാർട്മെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിനകം കോഴ്സ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലാകും ആദ്യ ഘട്ടത്തിൽ കോഴ്സ് പഠിപ്പിക്കുക. കാമ്പസിലെ തെങ്ങുകളിൽ പരിശീലനം നടത്താനും അവസരമുണ്ട്. രണ്ട് അധ്യാപകരുടെ മേൽനോട്ടത്തിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. പ്രായോഗിക പരിശീലനം നൽകാനായി പരമ്പരാഗത ചെത്ത് ആശാന്മാരെ നിയോഗിക്കും.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടോഡി ബോർഡിൻറെ ‘ടോഡി ടെക്‌നിഷ്യൻ’ സർട്ടിഫിക്കറ്റും ലഭിക്കും. 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് കോഴ്സിൽ പങ്കെടുക്കാം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കും.

ഒരു ബാച്ചിൽ 30 പേർക്കാണ് അവസരം. സൗജന്യമായി കോഴ്സ് പഠിക്കുന്നതിന് പുറമെ വിദ്യാർത്ഥികളുടെ താമസവും ഭക്ഷണവും അടക്കമുള്ള കാര്യങ്ങൾ ടോഡി ബോർഡ് ഒരുക്കും. കോഴ്സ് പഠിക്കുന്ന കാലയളവിൽ വിദ്യാർത്ഥികൾക്ക് ഓരോ മാസവും 10,000 രൂപ സ്റ്റൈപ്പന്റ് നൽകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിലവിൽ കള്ള് വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചെത്തുകാരുടെ കുറവാണ്. ഇത് നികത്താൻ കോഴ്സിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കോഴ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എങ്കിൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ആണ് അധികൃതരുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *