ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കൊച്ചിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് 6.38 കോടി രൂപ തട്ടിയെടുത്തു. കള്ളപ്പണ ഇടപാട് നടത്തിയെന്നും ‘ഡിജിറ്റല്‍ അറസ്റ്റിലാണെന്നും’ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് വന്‍ തട്ടിപ്പിന് ഇരയായത്.

മുംബൈ സൈബര്‍ ക്രൈം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഡോക്ടറെ സമീപിച്ചത്. തന്റെ പേരില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയത്. അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

റിസര്‍വ് ബാങ്കിന്റേതെന്ന വ്യാജേന നല്‍കിയ അക്കൗണ്ടുകളിലേക്ക് ഒക്ടോബര്‍ 3 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ ഡോക്ടര്‍ പണം കൈമാറുകയായിരുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ആകെ 6,38,21,864 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്.

നീണ്ട രണ്ട് മാസം ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം അവസാനിക്കുന്നത് വരെ ആര്‍ബിഐ അക്കൗണ്ടില്‍ പണം സുരക്ഷിതമായിരിക്കുമെന്നും പിന്നീട് തിരികെ നല്‍കുമെന്നുമാണ് ഡോക്ടറെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *