കോട്ടയം: പതിനെട്ടുകാരനായ മധ്യപ്രദേശ് സ്വദേശി അമന്‍കുമാറിന്റെ ചിതാഭസ്മം നാട്ടിലെത്തിച്ച് കേരള പൊലീസ്. ഇടുക്കിയില്‍ ജോലി ചെയ്യാന്‍ എത്തിയപ്പോള്‍ രോഗബാധിതനായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അമന്‍കുമാര്‍ മരിച്ചത്. കരാറുകാരന്‍ മൃതദേഹം നാട്ടകത്തെ മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം സ്ഥലം വിട്ടതോടെ പൊലീസ് ഇടപെട്ടു.

ചിങ്ങവനം പൊലീസ് അമന്‍കുമാറിന്റെ ബന്ധുക്കളുമായി സംസാരിച്ചപ്പോള്‍ മൃതദേഹം കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നറിയിച്ചു. ബന്ധുക്കളുടെ ആഗ്രഹപ്രകാരം മുട്ടമ്പലം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. തുടര്‍ന്ന് ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോയെന്ന് പൊലീസിനോട് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. നാട്ടിലേക്ക് ചിതാഭസ്മം അയക്കാന്‍ ശ്രമിച്ചപ്പോള്‍ കുറിയര്‍ കമ്പനികളെന്നും അമന്‍കുമാറിന്റെ വിലാസമുള്ള സ്ഥലത്തില്ല. ഒടുവില്‍ തപാല്‍ മാര്‍ഗം ചിതാഭസ്മം അയച്ചു. ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്മം ആദരവോടെ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്.

ചിതാഭസ്മം കൈകാര്യം ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ യു ആര്‍ പ്രിന്‍സ് ഈ ദിവസങ്ങളില്‍ മത്സ്യവും മാംസവും വര്‍ജിച്ചു. ചിതാഭസ്മം ലഭിച്ച ശേഷം ബന്ധുക്കള്‍ അന്ത്യകര്‍മങ്ങളുടെ ചടങ്ങുകള്‍ ചിങ്ങവനം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ വി എസ് അനില്‍കുമാറിനും, സിവില്‍ പൊലീസ് ഓഫിസര്‍ സഞ്ജിത്തിനും അയച്ചു നല്‍കുകയും, മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *