കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി തള്ളി. കണ്ണൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റി.
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് അനാവശ്യമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹര്‍ജിയില്‍ കോടതി ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം കേട്ടിരുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ട കുടുംബത്തിന്റെ ഹര്‍ജി തള്ളണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ സമഗ്രമായ അന്വേഷണം നടന്നുവെന്നാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന മൊഴി വിവരങ്ങള്‍ ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ആത്മഹത്യ പ്രേരണക്ക് അടിസ്ഥാനമായ തെളിവുകള്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും, കുടുംബം ഉന്നയിച്ച പഴുതുകള്‍ റിപ്പോര്‍ട്ടില്‍ അതേപടി ആവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെ മൊഴിയും, കളക്ടര്‍ റവന്യൂ മന്ത്രിയെ ബന്ധപ്പെട്ടതിന്റെ സിഡിആര്‍ വിവരങ്ങളും ഇതിന്റെ ഭാഗമാണ്. നവീന്‍ ബാബു വിവാദ പെട്രോള്‍ പമ്പിനായി അപേക്ഷിച്ച ടി വി പ്രശാന്തനുമായി സംസാരിച്ചതിന്റെ സിഡിആര്‍ രേഖയും, ടി വി പ്രശാന്തന് കൈക്കൂലി ആരോപണത്തില്‍ പരാതി നല്കാന് വിജിലന്‍സ് ഓഫീസില്‍ എത്തിയ സി സി ടി വി ദൃശ്യവും തെളിവുകളായി പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതായത്, കൈക്കൂലി ആരോപണം സാധൂകരിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജിയെ പി പി ദിവ്യയും കോടതിയില്‍ എതിര്‍ത്തിരുന്നു.

