കടയില്‍നിന്ന് അശ്ലീല വിഡിയോ കാസെറ്റുകള്‍ പിടിച്ചു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശി 28 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തന്‍. ഉപയോക്താക്കള്‍ക്കു നല്‍കുന്നതിന് അശ്ലീല വിഡിയോ കസെറ്റുകള്‍ കടയില്‍ സൂക്ഷിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കൂരോപ്പട സ്വദേശിയെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

തെളിവായി കോടതിയില്‍ ഹാജരാക്കിയ കാസറ്റുകള്‍ മജിസ്ട്രേറ്റ് സ്വമേധയാ പരിശോധിച്ചുറപ്പുവരുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പ്രതിയോ കുറ്റവിമുക്തനാക്കിയത്. മജിസ്ട്രേറ്റ് കാസറ്റുകള്‍ പരിശോധിക്കാതിരുന്നതിനാല്‍ ഇന്ത്യൻ തെളിവുനിയമം അനുസരിച്ച്‌ കേസ് നിലനില്‍ക്കില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു.

1997ലാണ് ഇയാളുടെ ഉടമസ്ഥതതയിലുണ്ടായിരുന്ന കടയില്‍ നിന്ന് പോലീസ് 10 കാസറ്റുകള്‍ കസ്റ്റഡിയിലെടുത്തത്. ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പോലീസ് ഐപിസി 292 വകുപ്പ് പ്രകാരം കേസെടുത്തു. അശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്നതോ, വിതരണം ചെയ്യുന്നതോ അവ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതോ കുറ്റകരമാക്കുന്ന വകുപ്പാണിത്. കേസില്‍ കോട്ടയം മജിസ്ട്രേറ്റ് കോടതി പ്രതിക്ക് രണ്ടുവർഷം തടവും 2000 രൂപ പിഴയും വിധിച്ചു.

ഇതിനെതിരെ ഇയാള്‍ സെഷൻസ് കോടതിയെ സമീപിച്ചതോടെ ശിക്ഷ ഒരുവർഷമായും പിഴത്തുക 1000 രൂപയാകും കുറഞ്ഞു. സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പിടിച്ചെടുത്ത കാസറ്റുകളില്‍ അശ്ലീല ദൃശ്യങ്ങളുണ്ടൊയെന്ന് മജിസ്ട്രേറ്റ് പരിശോധിച്ചിരുന്നില്ല എന്ന് ഇയാള്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി അത് സത്യമെന്ന് കണ്ടെത്തുകയും കേസ് റദ്ദാക്കുകയുമായിരുന്നു.

സാക്ഷിമൊഴികള്‍ ഉണ്ടെങ്കിലും കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടത് മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമായിരുന്നു. അത് ചെയ്തിട്ടില്ലാത്തതിനാല്‍ കാസറ്റുകളില്‍ അശ്ലീല ദൃശ്യങ്ങളുണ്ട് എന്ന പേരില്‍ ചുമത്തിയ കേസും, അയാള്‍ക്കെതിരെ ചുമത്തിയ ശിക്ഷയും റദ്ദാക്കി കോടതി ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *