26 വയസ്സുകാരിയായ ഗസ്റ്റ് അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. മധ്യപ്രദേശിലെ നര്‍സിംഗ്പുര്‍ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എക്‌സലന്‍സ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പതിനെട്ടു വയസ്സുകാരന്‍ സൂര്യന്‍ഷ് കോച്ചറാണ് പ്രതി. സൂര്യന്‍ഷിനെതിരെ അധ്യാപിക നല്‍കിയ പരാതിയെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

സൂര്യന്‍ഷ് അധ്യാപികയോട് നേരത്തെ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇതിനുപിന്നാലെ സ്‌കൂളില്‍ നിന്ന് സൂര്യന്‍ഷിനെ പുറത്താക്കി. ഇതോടെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചിരുന്നത്. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഐപിസി 124എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. സൂര്യന്‍ഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

പ്രതി കുപ്പി നിറയെ പെട്രോളുമായി അധ്യാപികയുടെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. അധ്യാപികയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പൊള്ളലേറ്റ അധ്യാപികയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *