ഫ്രണ്ട്ഷിപ് ഡേ അഥവാ സൗഹൃദ ദിനം ഇന്ത്യയിൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. ജൂലായ് 30നാണ് ലോക സൗഹൃദ ദിനമെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആചരിക്കുന്നത്. ഈ വർഷം അത് ഓഗസ്റ്റ് മൂന്നിനാണ്.
ചങ്ങാതിമാർ പരസ്പരം സന്ദേശങ്ങൾ കൈമാറുകയും സന്തോഷം പങ്കുവെയ്ക്കുകയും ചെയ്യുന്ന ഒരു ദിനം. ഈ പ്രത്യേക ദിവസത്തിൽ കേരള പോലീസിന്റെ വകയും ഫ്രണ്ട്ഷിപ് ഡേ ആശംസ എത്തിക്കഴിഞ്ഞു, അതും തനി പോലീസ് സ്റ്റൈലിൽ.
തൊട്ടുരുമ്മി പോകുന്ന രണ്ട് സ്വകാര്യ ബസുകളുടെ ചിത്രത്തോടൊപ്പം, ‘നിരത്തുകളിൽ അടുപ്പമല്ല അകലമാണ് സൗഹൃദം’ എന്ന അടിക്കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ ആശംസ പങ്കുവെച്ചിരിക്കുന്നത്. നിശ്ചിത അകലം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സന്ദേശമാണ് പോലീസ് ഇതിലൂടെ നൽകുന്നത്.