സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് മരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ രേണുവിന് ഏറെ പിന്തുണ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വൻ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. രേണു അഭിനയത്തിലേക്ക് എത്തിയതും ഫോട്ടോഷൂട്ടുമൊക്കെ ആയിരുന്നു ചിലരെ ചൊടിപ്പിച്ചത്. ആദ്യമെല്ലാം നെഗറ്റീവ് കമന്റുകൾ കണ്ട് വിഷമിച്ചിരുന്ന രേണു ഇപ്പോൾ അതൊന്നും കണ്ട ഭാവം കാണിക്കാറില്ല. അടുത്തിടെ വളരെ മോശം കമന്റുകൾക്ക് രേണു മറുപടിയും നൽകാറുണ്ട്.
വിമർശനങ്ങൾ ഒരുവഴിക്ക് നടക്കുന്നതിനിടെ, ആദ്യമായി ഒരു അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് രേണു സുധി. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025ലൂടെയാണ് രേണു അവാർഡിന് അർഹയായത്. പ്രജീഷ്, രേണു എന്നിവർ ഒന്നിച്ചഭിനയിച്ച കരിമിഴി കണ്ണാൽ എന്ന ആൽബത്തിനാണ് പുരസ്കാരം. മികച്ച താര ജോഡികൾക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. ഈ സന്തോഷം രേണു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നന്ദി എന്നാണ് രേണു പോസ്റ്റിനൊപ്പം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രജീഷിനും രേണുവിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
ഇതിനിടെ അഭിനയം നിർത്തില്ലെന്ന് രേണു പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു അഭിമുഖത്തിന്റെ വീഡിയോയും ഒപ്പമുണ്ടായിരുന്നു. അഭിനയം നിർത്താൻ മകൻ പറഞ്ഞാൽ കേൾക്കുമോ എന്ന ചോദ്യത്തിന് “അഭിനയം നിർത്തണമെന്ന് മകൻ എന്നോട് പറയില്ല. കാരണം എനിക്ക് ആകെയുള്ള വരുമാന മാർഗമാണ്. എന്റെ മക്കൾക്ക് വേണ്ടി തന്നെയാണ് ആ പണം ചെലവാക്കുന്നതും. പിന്നെ എന്തിന് അഭിനയം നിർത്താൻ അവൻ പറയണം”, എന്നായിരുന്നു രേണു പറഞ്ഞത്. “എന്നെ വിമർശിച്ചാൽ നിങ്ങൾക്ക് എന്ത് നേട്ടം. ആരെന്ത് പറഞ്ഞാലും അഭിനയം തുടരും”, എന്നും രേണു കുറിച്ചിരുന്നു.