പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞാണ് ഓപ്പറേഷന്‍ സിന്ദൂരിന് കീഴില്‍ ഇന്ത്യ സൈനിക ആക്രമണം നടത്തിയത്.

ഭീകരര്‍ 26 സാധാരണക്കാരെ വെടിവച്ചുകൊല്ലുകയും ഇരകളുടെ ഭാര്യമാര്‍ ദുരന്തത്തിന്റെ മുഖമായി മാറുകയും ചെയ്തതോടെ, ഭീകരര്‍ക്ക് നേരെയുള്ള പ്രതികാര നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ ഏറ്റവും ഉചിതമായ പേരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹല്‍ഗാമിലെ താഴ്വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയില്‍ ചാര്‍ത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യന്‍ സ്ത്രീകള്‍ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്‌കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.

പോരാളികളായിറങ്ങുന്നവരും നെറ്റിയില്‍ ചുവന്ന സിന്ദൂരം ചാര്‍ത്തുന്ന രീതി പരമ്പരാഗതമായി നിലനില്‍ക്കുന്നുണ്ട്. രജ്പുത്, മറാത്ത യോദ്ധാക്കന്മാര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയത്. അതില്‍ ജയ്ഷെ-ഇ-മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവല്‍പൂരും ലഷ്‌കര്‍-ഇ-തയ്ബയുടെ മുരിദ്‌കെയിലെ താവളവും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *