46-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുൽഫത്തിനും ആശംസ നേർന്ന് ദുൽഖർ സൽമാൻ. ഇരുവരുടേയും മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ദുൽഖർ ആശംസ അറിയിച്ചത്. മമ്മൂട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന സുൽഫത്തിനെ ചിത്രത്തിൽ കാണാം. 1979 മെയ് ആറിനായിരുന്നു മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും വിവാഹം.

ഉമ്മയ്ക്കും പായ്ക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’ ദുൽഖർ കുറിച്ചു. ഏറ്റവും മനോഹരമായ ദമ്പതികൾ, ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയം എന്നീ ഹാഷ്ടാഗുകളും ദുൽഖറിന്റെ പോസ്റ്റിനൊപ്പമുണ്ട്.

ഇതിന് താഴെ ഒട്ടേറെ ആരാധകരാണ് ഇരുവർക്കും ആശംസ അറിയിച്ചത്. കാത്തിരുന്ന പോസ്റ്റായിരുന്നു ഇതെന്നും മമ്മൂട്ടിയും സുൽഫത്തും ഇണക്കുരുവികളെ പോലെയുണ്ടെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

മെയ് മാസത്തിലെ മൂന്ന് ദിവസങ്ങൾ ജീവിതത്തിൽ വളരെ സ്പെഷ്യൽ ആണെന്ന് ദുൽഖർ നേരത്തെ പറഞ്ഞിരുന്നു.മെയ് നാലിനാണ് സുൽഫത്തിന്റെ പിറന്നാൾ. മെയ് അഞ്ചിനാണ് ദുൽഖറിന്റെ മകൾ മറിയം അമീറ സൽമാന്റെ പിറന്നാൾ. തൊട്ടടുത്ത മെയ് ആറിന് മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും വിവാഹ വാർഷികവും.

സുൽഫത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ചക്കര ഉമ്മ’ എന്ന് കുറിച്ചാണ് ദുൽഖർ ഉമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചത്. ഭാര്യ അമാലിനും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് മകളുടെ പിറന്നാൾ ആശംസയും കുറിച്ചു. ‘എട്ടാം പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ രാജകുമാരിക്ക് ആശംസകൾ, എല്ലാ ദിവസവും നിന്നോട് കടപ്പെട്ടിരിക്കുന്നു’ എന്നാണ് ദുൽഖർ പോസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *