തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ കേരളം പരിഷ്ക്കരിക്കുന്നു. ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. പുതുക്കിയ വ്യവസ്ഥകള്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു.
സംസ്ഥാന സര്‍വ്വീസില്‍ തുടരവെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ജീവനക്കാരന് മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. എന്നാല്‍ ജീവനക്കാരന് മരണമടയുന്ന തീയതിയില്‍ ആശ്രിതന് 13 വയസോ അതിനു മുകളിലോ പ്രായമുണ്ടാകണം. വിധവ/ വിഭാര്യന്, മകന്, മകള്‍, ദത്തെടുത്ത മകന്. ദത്തെടുത്ത മകള്‍ അവിവാഹിതരായ ജീവനക്കാരനാണെങ്കില്‍ അച്ഛന്, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന് എന്നീ മുന്‍ഗണനാ ക്രമത്തില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുന്‍ഗണനാ ക്രമത്തിലും നിയമനം നല്‍കും.