പ്രമേഹചികിത്സയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന മരുന്ന് ഏറ്റവും വിലകുറച്ച് വാങ്ങാനുള്ള അവസരമൊരുങ്ങി. ജർമൻ മരുന്ന് കമ്പനിയായ ബറിങ്ങർ ഇങ്ങൽഹൈം വികസിപ്പിച്ച എംപാഗ്ലിഫോസിൻ എന്ന മരുന്നാണ് വിപണിയിലേക്ക് വിലക്കുറവിൽ എത്തുന്നത്.

എംപാഗ്ലിഫോസിന്റെ മേലുള്ള പേറ്റന്റിന്റെ കാലാവധി മാർച്ച് 11ന് അവസാനിച്ചിരുന്നു. ഇതോടെ മരുന്നിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തി തുടങ്ങി. ഇന്ത്യൻ ഔഷധ വിപണിയിലെ വമ്പന്മാരായ മാൻകൈൻഡ് ഫാർമ, ലൂപിൻ, ആൽകെം ലബോറട്ടറീസ്, ഗ്ലെൻമാർക്ക് തുടങ്ങിയ കമ്പനികളാണ് എംപാഗ്ലിഫോസിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നത്.

എംപാഗ്ലിഫോസിന്റെ 10 മില്ലിഗ്രാമിന്റെ ഒരു ടാബ്ലറ്റിന് മുമ്പ് ഇന്ത്യയിൽ 60 രൂപയോളമായിരുന്നു വില. പേറ്റന്റ് അവസാനിച്ചതോടെ ഇത് ആറുരൂപയിൽ താഴെ ലഭിക്കാനുള്ള വഴിയാണ് തുറന്നുകിട്ടിയത്. ഇതിന്റെ 25 മില്ലിഗ്രാം ടാബ്ലറ്റിന് 10 രൂപയോളം മാത്രമാണ് പുതിയവില. മുമ്പ് മരുന്നിന് നൽകേണ്ടി വന്നിരുന്ന തുകയുടെ പത്തിലൊന്നായി വിലകുറയുമെന്ന് സാരം.

പാൻക്രിയാസിന്റെ പ്രവർത്തനത്തിലെ അപാകത മൂലമുണ്ടാകുന്ന ടൈപ്പ്-2 പ്രമേഹരോഗികൾക്കാണ് ഈ മരുന്ന് നൽകുന്നത്. വൃക്കയിൽ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസിന്റെ പുനരാഗിരണം തടയുന്ന മരുന്നാണ് എംപാഗ്ലിഫോസിൻ. സോഡിയം- ഗ്ലൂക്കോസ്- കോ-ട്രാൻസ്പോർട്ടർ-2 ഇൻഹിബിറ്റർ ( എസ്.ജി.എൽ.ടി-2) വിഭാഗത്തിൽ വരുന്ന മരുന്നാണ് എംപാഗ്ലിഫോസിൻ. പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയരുന്നത് മരുന്ന് തടയുന്നു. മൂത്രത്തിലൂടെ അധികമായി വരുന്ന ഗ്ലൂക്കോസ് പുറന്തള്ളാൻ ഇത് സഹായിക്കുകയും ചെയ്യും.

മാത്രമല്ല പ്രമേഹരോഗികളിൽ ഹൃദയാഘാതം, വൃക്ക തകരാർ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകുന്നത് പ്രതിരോധിക്കാനും എംപാഗ്ലിഫോസിൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആകെ 10 കോടിയോളം പ്രമേഹരോഗികൾ ഉണ്ടെന്നാണ് കണക്കുകൾ. വിലകുറഞ്ഞ മികച്ച മരുന്ന് വിപണിയിൽ ലഭ്യമാകുന്നതോടെ ചികിത്സാ ചെലവിൽ വലിയ ആശ്വാസമാണ് ഇതുവഴിയുണ്ടാകുന്നത്.
There is no ads to display, Please add some