ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്ബൻ ഓഫറുകള്‍ അവതരിപ്പിച്ച്‌ ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണ്‍ ഇവി,കർവ്വ് ഇവി എന്നീ രണ്ട് മോഡലുകള്‍ വാങ്ങുന്നവർക്കായാണ് കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2024 ഡിസംബർ 9 നും ഡിസംബർ 31 നും ഇടയില്‍ ഈ രണ്ട് ഇലക്‌ട്രിക് എസ്യുവികളില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി ടാറ്റ പവർ ചാർജിംഗ് സ്റ്റേഷനുകളില്‍ നിന്നും സൗജന്യ ചാർജിംഗിന് അർഹതയുണ്ടാകുമെന്നാണ് പ്രഖ്യാപനം.

ഈ സ്‌കീം സ്വകാര്യ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ്. അതായത് ഫ്‌ലീറ്റ് വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. നെക്‌സോണ്‍ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർ അവരുടെ ഇവികള്‍ ടാറ്റ പവർ ഇസെഡ് ചാർജ്ജ് ആപ്പില്‍ രജിസ്റ്റർ ചെയ്യണം. അതിനുശേഷം സൗജന്യ ചാർജിംഗ് സേവനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം.

ആപ്പില്‍ രജിസ്റ്റർ ചെയ്ത ഇവി, ഒരു ഡീലർഷിപ്പില്‍ നിന്ന് നേരിട്ട് വാങ്ങിയ ഒരു സ്വകാര്യ വാഹനമായിരിക്കണം. അതായത് ഈ സ്‌കീം ആദ്യ ഉടമകള്‍ക്ക് മാത്രമേ ബാധകമാകൂ. ആപ്പ് രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാല്‍, വാങ്ങുന്ന തീയതി മുതല്‍ ഉപഭോക്താക്കള്‍ക്ക് 1,000 യൂണിറ്റ് വരെ വൈദ്യുതി അല്ലെങ്കില്‍ ആറ് മാസത്തെ സൗജന്യ ചാർജിംഗിന് അർഹതയുണ്ട്. അതായത് ഈ ഓഫർ 1,000 യൂണിറ്റ് വൈദ്യുതി അല്ലെങ്കില്‍ എസ്യുവി വാങ്ങിയ തീയതി മുതല്‍ ആറ് മാസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം ഉടമകളില്‍ നിന്ന് സ്റ്റാൻഡേർഡ് താരിഫ് ഈടാക്കിത്തുടങ്ങും.

വളരെക്കാലമായി കമ്ബനിയുടെ ഏറ്റവും മികച്ച വില്‍പനയുള്ള കാറുകളിലൊന്നാണ് ടാറ്റ നെക്സോണ്‍ ഇ വി. നെക്‌സോണ്‍ ഇ വി ഫേസ്‌ലിഫ്റ്റ് പതിപ്പും വിപണിയില്‍ ഇപ്പോള്‍ ല്യമാണ്. 14.74 ലക്ഷം രൂപ മുതല്‍ 19.94 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.പുതിയ എസ്യുവിയുടെ ഡ്രൈവ് ശ്രേണി വേരിയന്റിന് അനുസരിച്ച്‌ വ്യത്യാസപ്പെടുന്നു. എൻട്രി ലെവലില്‍ അതായത് എംആർ വേരിയന്റില്‍ 325 കിലോമീറ്റർ റേഞ്ച് ലഭിക്കും. LR വേരിയന്റില്‍ ഒറ്റ ചാർജില്‍ 465 കിലോമീറ്റർ റേഞ്ചും ലഭിക്കും.

ഈ ശ്രേണി ARAI സാക്ഷ്യപ്പെടുത്തിയതാണ്. എംആർ വേരിയന്റിന്റെ ബാറ്ററി പാക്ക് 4.3 മണിക്കൂറിലും എല്‍ആർ വേരിയന്റിന്റെ ബാറ്ററി പാക്ക് 6 മണിക്കൂറിലും പൂർണമായി ചാർജ് ചെയ്യപ്പെടും. ഇതില്‍ V2V, V2L ചാർജിങ് സൗകര്യവും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്. നെക്സോണ്‍ ഇ വി ഉപയോഗിച്ച്‌ മറ്റ് ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളോ മറ്റൊരു ഇ വിയോ ചാർജ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *