പാന്‍ ഇന്ത്യന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പുഷ്പ 2വിന് വന്‍ തിരിച്ചടി. പുഷ്പ 2-വിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ചോര്‍ന്നു. 6 മണിക്കൂർ മുൻപാണ് ‘ഗോട്ട്സ്സ്’ എന്ന യൂട്യൂബ് അക്കൗണ്ടില്‍ സിനിമയുടെ തീയറ്റർ പതിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത്. 1000 കോടി എന്ന സംഖ്യയിലേക്ക് ചിത്രം കുതിക്കുമ്പോഴാണ് ഈ വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

കോവിഡിന് ശേഷം ഹിന്ദിയിലേക്ക് മൊഴി മാറ്റിയ ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ നേടി മുന്നേറുകയാണ് പുഷ്പ 2. അതിനൊപ്പം തന്നെ ജവാന്‍ അടക്കം അടുത്തകാലത്ത് ഹിന്ദിയില്‍ കളക്ഷന്‍ റെക്കോഡ് ഇട്ട ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോഡുകളും പുഷ്പ 2 പഴങ്കഥയാക്കും എന്നാണ് കണക്കുകൂട്ടല്‍.

സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ച് ദിനങ്ങള്‍ കൊണ്ട് ചിത്രം 922 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നേടിയിരിക്കുന്നത്. ബോളിവുഡില്‍ ഹിന്ദി ചിത്രങ്ങളെ പോലും തകര്‍ക്കുന്ന പ്രകടനമാണ് അല്ലു അര്‍ജുന്‍ ചിത്രം പുറത്തെടുക്കുന്നത്. ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ മാത്രം പുഷ്പ 2 , 593 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്.

പ്രിവ്യൂ കളക്ഷന്‍ 10.65 കോടിക്ക് പുറമേ ആദ്യ ദിനത്തില്‍ 164 കോടി, രണ്ടാം ദിനത്തില്‍ 93 കോടി, മൂന്നാം ദിനത്തില്‍ 119 കോടി, നാലാം ദിനത്തില്‍ 141 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ കളക്ഷന്‍. അഞ്ചാം ദിനത്തില്‍ ഇന്ത്യയില്‍ 64.45 കോടി ചിത്രം നേടി. തിങ്കളാഴ്ചയായിട്ടും ഈ കളക്ഷന്‍ ചിത്രം അടുത്ത ദിവസങ്ങളില്‍ തന്നെ 1000 കോടി ക്ലബില്‍ എത്തും എന്ന സൂചനയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed