ഇലക്ട്രിക് കാറുകളുടെ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി യൂറോപ്പില്‍ 4000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇലക്ട്രിക് കാറുകളുടെ പ്രതീക്ഷിച്ച വില്‍പ്പന നടക്കാതിരുന്നതും മത്സരം മുറുകിയത് മൂലമുള്ള സമ്മര്‍ദ്ദം നിമിത്തവും സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള പ്രതികൂല സാഹചര്യവും കണക്കിലെടുത്താണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഫോര്‍ഡ് മോട്ടോര്‍ അറിയിച്ചു. ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചുവിടുന്നത് ജര്‍മ്മനിയിലായിരിക്കുമെന്നും ജീവനക്കാരുടെ പ്രതിനിധികളുമായി കൂടിയാലോചിച്ച് മാത്രമേ ഇത് നടപ്പാക്കൂ എന്നും ഫോര്‍ഡ് വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് അനുസരിച്ച് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നും ഫോര്‍ഡ് കുറ്റപ്പെടുത്തി.
യൂറോപ്പില്‍ ഫോര്‍ഡിന്റെ ഭാവി നിലനിര്‍ത്തി മത്സരക്ഷമത ഉറപ്പാക്കാന്‍ കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നതായി കമ്പനി അറിയിച്ചു. ആഗോള വാഹന വ്യവസായം വൈദ്യുതി വാഹനങ്ങളിലേക്ക് മാറുന്നതിനാല്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. പണപ്പെരുപ്പത്തില്‍ മടുത്ത ഉപഭോക്താക്കള്‍ ചെലവുകള്‍ കുറയ്ക്കാന്‍ ശ്രമം നടത്തുന്നതിനാല്‍ ഇവി വില്‍പ്പന പിന്നോട്ട് പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
There is no ads to display, Please add some