കോട്ടയം: വൈക്കത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. കോളേജ് അധ്യാപികയായ മധ്യവയസ്കയുടെ 25 ലക്ഷം രൂപ നഷ്ടമായി. തട്ടിപ്പ് സംഘത്തിൻ്റെ ഭീഷണിക്ക് വഴങ്ങി വൈക്കത്തെ പ്രമുഖ ബാങ്കു വഴിയാണ് ഇവർ തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചുനൽകിയത്.
അവരുടെ പേരിലുള്ള അക്കൗണ്ടുവഴി പോയ പാഴ്സലിൽ നിരോധിത വസ്തുക്കളുണ്ടെന്നും അറസ്റ്റു ഒഴിവാക്കാൻ വൻ തുക വേണമെന്ന ഭീഷണിയിൽ അധ്യാപിക കുടുങ്ങുകയായിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥർ വലിയ തുക അടക്കുന്നതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും അധ്യാപിക കയർത്തു സംസാരിച്ചതിനാൽ പണം അയക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പിന്നീട് വൈകുന്നേരത്തോടെ ഭർത്താവിനെയും കൂട്ടി ബാങ്കിലെത്തി പരാതിപ്പെട്ടു. ഉദ്യോഗസ്ഥരോടു കയർത്തു സംസാരിച്ചതിനാൽ അധ്യാപിക ജീവനക്കാരുടെ അടുത്തെത്താതെ മാറി നിന്നു. ഗൂഗിൽപേയിലൂടെ 100 അയക്കുന്ന കാര്യംപോലും തന്നോട് പറഞ്ഞിട്ടയക്കുന്ന ഭാര്യ 25 ലക്ഷം അയക്കുന്ന കാര്യംപറയാതിരുന്നതാണ് പണംനഷ്ടമാകുന്നതിനിടയാക്കിയതെന്ന് ഭർത്താവ് പറഞ്ഞു.
അതേസമയം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51 ലക്ഷം രൂപ തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ നീക്കം എസ്. ബി.ഐ. ജീവനക്കാരുടെ ബുദ്ധിപരമായ ഇടപെടൽ മൂലം വിഫലമായി. എസ്.ബി.ഐയുടെ വൈക്കം ശാഖയിൽ വ്യാഴാഴ്ച രാവിലെ 11 നായിരുന്നു സംഭവം.
വൈക്കം ടിവി പുരം സ്വദേശിയായ 60 വയസ് പിന്നിട്ട ഇടപാടുകാരൻ വടക്കേ ഇന്ത്യയിലെ ഒരു അക്കൗണ്ടിലേക്ക് 51 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാനായി വന്നു. കൗണ്ടറിൽ ഇരുന്ന ഹരീഷ് എന്ന ഉദ്യോഗസ്ഥന് ഇതിൽ സംശയമുണ്ടായതിനെത്തുടർന്ന് ആർക്കാണ് പണം അയയ്ക്കുന്നതെന്ന് ചോദിച്ചു. മകനാണ് പണം അയയ്ക്കുന്നതെന്നാണ് അദ്ദേഹം മറുപടി നൽകിയത്. പേര് പരിശോധിച്ചപ്പോൾ ഉത്തരേന്ത്യൻ പേരിലേക്കാണ് പണം അയയ്ക്കുന്നതെന്ന് കണ്ടെത്തി.
വലിയ തുകയായതിനാൽ അക്കൗണ്ടിലെ വിവരങ്ങളുടെ കൃത്യതയ്ക്ക് ഫോണിൽ നോക്കിയപ്പോൾ വാട്ടസ്ആപ്പിൽ ദിവസങ്ങളായി ചാറ്റു നടക്കുന്നതായി കണ്ടു. ബാങ്കിൽ ചെല്ലുമ്പോൾ പണം മകനാണ് അയയ്ക്കുന്നതെന്ന് പറയണമെന്നുവരെ ചാറ്റിലുണ്ടായിരുന്നു. ബാങ്കിൽ ഇടപാടുകാരൻ നിൽക്കുമ്പോഴും തട്ടിപ്പ് സംഘം ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.സംശയം തോന്നി കസ്റ്റമറിനെ ഹരീഷ് ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടുത്തി തട്ടിപ്പ് സംശയിക്കുന്നതായി അറിയിച്ചു. തുടർന്ന് ബ്രാഞ്ച് മാനേജർ ഇടപാടുകാരനോട് വൈക്കം പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ വ്യക്തത വരുത്താനായി ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പോയ വിവരങ്ങൾ പറഞ്ഞപ്പോൾ ഫോൺ പരിശോധിച്ച പോലീസ് തട്ടിപ്പാണെന്നും ബാങ്കുമായി ഉടൻ ബന്ധപ്പെടാനും അറിയിച്ചു.ടി വി പുരം സ്വദേശി വർഷങ്ങളോളം ഉത്തരേന്ത്യയിലായിരുന്നു.
രണ്ടാഴ്ച മുമ്പ് ഇദ്ദേഹം ഉത്തരേന്ത്യയിൽ പോയിരുന്നു. ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ഗ്രേറ്റർ മുംബെ പോലീസിന്റേതാണെന്ന വ്യാജേന ആധാർ കാർഡിന്റെ കോപ്പി അയച്ചാണ് തട്ടിപ്പുസംഘം ഭീഷണി ആരംഭിച്ചത്. ഉത്തരേന്ത്യയിലെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ വഴി ബീജിംഗിലേക്ക് അയച്ച വസ്തുകളിൽ നിരോധിച്ച വസ്തുക്കൾ ഉള്ളതിനാൽ കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ വൻതുക പിഴ ഒടുക്കണമെന്നുമായിരുന്നു അറിയിപ്പ്.
തുടർന്ന് നിരന്തരം ഭീഷണി തുടർന്നു. ഇതേത്തുടർന്നാണ് വയോധികൻ വൈക്കത്തെ പല ബാങ്കുകളിലായുണ്ടായിരുന്ന നിക്ഷേപം മുഴുവൻ പിൻവലിച്ച 51 ലക്ഷം രൂപയുമായി വൈക്കം എസ്.ബി.ഐയിൽ എത്തിയത്. ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ നന്ദി പറഞ്ഞാണ് ഇടപാടുകാരൻ മടങ്ങിയത്.

