അച്ഛനെ കാത്തിരുന്ന മക്കൾക്ക് മുന്നിലേക്ക്, നല്ലപാതിയെ കാത്തിരുന്ന മഞ്ജുഷയ്ക്ക് മുന്നിലേക്ക് ഇനി ഒരിക്കലും കയറി വരാത്ത വഴികളിലൂടെ ജീവനറ്റ് നവീൻ എത്തി. ഇങ്ങനെയൊരു മടങ്ങിവരവിനായിരുന്നില്ല ആ നാടും വീടും കാത്തിരുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ, സ്വസ്ഥതയോടെ നാട്ടിലേക്ക് മടങ്ങിവരേണ്ടിയിരുന്നിടത്തേക്ക് വെള്ളപുതച്ച് നവീനെ കൊണ്ടുവന്നപ്പോൾ നാടും നാട്ടുകാരും ഉള്ളുലഞ്ഞ് കരഞ്ഞു. മണിക്കൂറുകളായി അടക്കിപ്പിടിച്ച കരച്ചിലുകൾ കണ്ണീരായി ഒഴുകി.

ഇന്ന് രാവിലെ 11.30 ഓടെയാണ് നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചത്. രാവിലെ മുതൽ കളക്ടറേറ്റിൽ നടന്ന പൊതുദർശനത്തിന് ശേഷമായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയെത്തുന്ന നവീനെ സ്വീകരിക്കാൻ സഹപ്രവർത്തകർ മാലയും ബൊക്കെയുമെല്ലാം കഴിഞ്ഞദിവസം തന്നെ ഓർഡർ ചെയ്തിരുന്നു. എന്നാൽ നവീന്റെ മൃതദേഹം സ്വീകരിക്കാനായിരുന്നു കളക്ടറേറ്റിന്റേയും സഹപ്രവർത്തകരുടേയും നിയോഗം.

കളക്ടറേറ്റിൽ നടന്ന പൊതുദർശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. രാവിലെ മുതൽ അനുഭവപ്പെട്ട നീണ്ട തിരക്കിന് ശേഷം മൃതദേഹം അകമ്പടിയോടെ വീട്ടിലേക്കെത്തിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട നവീൻ ബാബുവിനെ ഒരു നോക്കു കാണാൻ വീട്ടിലും ജനങ്ങൾ തിങ്ങിനിറഞ്ഞു. ജീവനറ്റ അച്ഛന് മുന്നിൽ കരഞ്ഞുകലഞ്ഞി പരസ്പരം കൈകോർത്ത് പെൺമക്കൾ, അന്ത്യ കർമ്മങ്ങൾ തങ്ങൾ‌ തന്നെ ചെയ്യാമെന്ന് അറിയിച്ച് നവീൻ ബാബുവിനെ വേദനയോടെ അവർ യാത്രയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You missed