കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിദ്ദിഖ് ഇന്നും രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2016 കാലഘട്ടത്തില്‍ സിദ്ദിഖ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും തന്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ഇത്തരം പ്രധാനപ്പെട്ട രേഖകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാണ്. അതുണ്ടെങ്കിലോ ചോദ്യം ചെയ്യല്‍ മുന്നോട്ട് പോകുകയുള്ളു. അതുകൊണ്ട് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് തത്കാലം അവസാനിപ്പിക്കുകയെന്നതാണ് പൊലീസിന്റെ നിലപാട്.

സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. നടന്റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്നും കസ്റ്റഡിയില്‍ വേണമെന്നതടക്കമുള്ള ആശ്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കാനാണ് പൊലീസിന്റെ നീക്കം.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *