മുംബൈ: 30 ലക്ഷം കോടി രൂപയുടെ ടാറ്റ ഗ്രൂപ്പ് സാമ്രാജ്യത്തിന്റെ ഭരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയർമാനായി രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയെ നിയമിച്ചിരിക്കുകയാണ്. രത്തൻ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ മുംബൈയിൽ ചേർന്ന യോഗത്തിൽ ഏകകണ്ഠമായാണ് നോയലിനെ പുതിയ മേധാവിയായി തിരഞ്ഞെടുത്തത്.
നോയൽ നിലവിൽ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ച് വരികയാണ്. നാല് പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് അദ്ദേഹം. ട്രെന്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനായും ടാറ്റ സ്റ്റീൽസ്, ടൈറ്റാൻ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയർമാനായും ഉൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ ഒന്നിലധികം ബോർഡ് സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
രത്തൻ ടാറ്റയുടെ പിൻഗാമിയാകും മുമ്പ് ഏറ്റവും ഒടുവിലായി അദ്ദേഹത്തെ തേടിയെത്തിയ വലിയ പദവി ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറെന്നതാണ്, അതിന്റെ ഗണ്യമായ വളർച്ചയ്ക്ക് മേൽനോട്ടം വഹിച്ചു, ഓഗസ്റ്റ് 2010 മുതൽ നവംബർ 2021 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് വരുമാനം 500 മില്യണിൽ നിന്ന് മൂന്ന് ബില്യൺ ഡോളറായി വർദ്ധിച്ചു.
1998-ൽ ഒരൊറ്റ സ്റ്റോറിൽ നിന്ന് ഇന്ന് 700-ലധികം സ്റ്റോറുകളിലേക്ക് വ്യാപിപ്പിച്ച ടാറ്റ ട്രെന്റ് ലിമിറ്റഡ് നോയൽ ടാറ്റയുടെ നേതൃപരിചയം വരച്ചുകാട്ടുന്നു. സസെക്സ് യൂണിവേഴ്സിറ്റിയിൽ (യുകെ) ബിരുദം നേടിയ അദ്ദേഹം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാം (ഐഇപി) പൂർത്തിയാക്കിയിട്ടുണ്ട്.
രത്തൻ ടാറ്റയുടെ പിൻഗാമിയാകുന്നതോടെ നോയൽ ടാറ്റ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ 11-ാമത്തെ ചെയർമാനും രത്തൻ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയർമാനുമായി മാറും.
നോയൽ ടാറ്റയെ മുമ്പ് ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഒടുവിൽ നോയലിന്റെ ഭാര്യാസഹോദരനായ സൈറസ് മിസ്ത്രിയാണ് ഈ സ്ഥാനത്തെത്തിയത്.
മിസ്ത്രിയുടെ വിവാദ പുറത്താകലിന് ശേഷം, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) മേധാവിയായിരുന്ന എൻ ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ ചെയർമാനാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രത്തൻ ടാറ്റയും നോയലും തമ്മിൽ അകൽച്ചയിലായിരുന്നെങ്കിലും അടുത്തിടെ അത് പരിഹരിക്കപ്പെട്ടു.
രത്തൻ ടാറ്റ ട്രസ്റ്റിന്റെ ബോർഡിൽ 2019-ലാണ് നോയൽ എത്തുന്നത്. 2018-ൽ അദ്ദേഹം ടൈറ്റാൻ കമ്പനിയുടെ വൈസ് ചെയർമാനായി. 2022ൽ ടാറ്റ സ്റ്റീലിന്റെ വൈസ് ചെയർമാനുമായി. അതിന് മുമ്പായി അദ്ദേഹം ടാറ്റ ഇന്റർനാഷണലിന്റെ തലപ്പത്തായിരുന്നു. വോൾട്ടാസിന്റെയും ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന്റെയും മേധാവിത്വവും നോയൽ ടാറ്റ വഹിച്ചിട്ടുണ്ട്.
ടാറ്റ ട്രസ്റ്റിനു കീഴിലുള്ള വിവിധ ജീവകാരുണ്യ സംഘടനകളുടെ ട്രസ്റ്റിമാരായി നോയലിന്റെ മൂന്ന് മക്കളായ മായ, നെവിൽ, ലിയ എന്നിവരെ അടുത്തിടെ നിയമിച്ചിരുന്നു.
രത്തന്റെ പിതാവ് കൂടിയായ നേവൽ ടാറ്റയുടെ രണ്ടാംവിവാഹത്തിലെ മകനാണ് നോയൽ ടാറ്റ. വിവിധ ടാറ്റ കമ്പനികളിലെ നേതൃത്വപരമായ റോളുകളും കുടുംബവുമായുള്ള ബന്ധങ്ങളും നോയലിനെ ടാറ്റ ട്രസ്റ്റുകളിൽ രത്തൻ ടാറ്റയുടെ സ്വാഭാവിക പിൻഗാമിയാക്കി. പാഴ്സി സമുദായത്തിന്റെ നിലപാടും നോയലിന്റെ നാമനിർദേശത്തിൽ ഒരു പങ്കുവഹിച്ചുവെന്നാണ് പറയപ്പെടുന്നത്.
നോയലിന്റെ ഭാര്യയുടെ കുടുംബത്തിനും ടാറ്റ ഗ്രൂപ്പിൽ നിർണായക പങ്കുണ്ട്. ഭാര്യ ആലൂ മിസ്ത്രി പല്ലോഞ്ജി മിസ്ത്രിയുടെ മകളാണ്. ടാറ്റ സൺസിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ള ആളാണ് അദ്ദേഹം.
നോയൽ-ആലൂ മിസ്ത്രി ദമ്പതികളുടെ മകൻ നെവിൽ ടാറ്റ 2016-ൽ സ്റ്റാർ ബസാറിൽ ചേർന്നിരുന്നു. മൂത്ത മകൾ ലിയ ടാറ്റ നിലിൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ വൈസ്. പ്രസിഡന്റാണ്. മറ്റൊരു മകൾ മായ ടാറ്റ കാപ്പിറ്റലിലാണ് പ്രവർത്തിക്കുന്നത്.