ധാക്ക: ബംഗ്ലാദേശിലെ പ്രശസ്ത ക്ഷേത്രത്തിലെ കാളി ദേവിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി. ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് കിരീടം മോഷണം പോയത്. 2021ല്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് മോദി കീരിടം സമര്‍പ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് കിരീടം മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ആരാധനയ്ക്ക് പിന്നാലെ പൂജാരി ദിലിപ് മുഖര്‍ജി ക്ഷേത്രത്തില്‍ നിന്ന് പോയിരുന്നു. ക്ഷേത്രത്തിലെ ശുചീകരണതൊഴിലാളികളാണ് കിരീടം നഷ്ടമായതായി കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. അതേസമയം, ക്ഷേത്രത്തില്‍ നിന്ന് കിരീടം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പ്രതികളെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നും ശ്യാം നഗര്‍ ഇന്‍സ്‌പെക്ടര്‍ തൈജുല്‍ ഇസ്ലാം പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ വിദേശസന്ദര്‍ശനവുമായി ബംഗ്ലാദേശില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ക്ഷേത്രം സന്ദര്‍ശിച്ചതും കാളിദേവിക്ക് കിരീടം സമര്‍പ്പിച്ചതും. കിരീടം സമര്‍പ്പിക്കുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. ഈശ്വരിപ്പൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു ബ്രാഹ്മണനാണ് ക്ഷേത്രം പണിതത്. 13ാം നൂറ്റാണ്ടില്‍ ലക്ഷ്മണ്‍ സെന്നും പതിനാറാം നൂറ്റാണ്ടില്‍ രാജ പ്രതാപാദിത്യയുമാണ് ക്ഷേത്രം നവീകരിച്ചിരുന്നു.