കെ.ടി. ജലീൽ എം.എൽ.എ. ഒക്കെ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് പി.വി. അൻവർ എം.എൽ.എ. സ്വയം നിൽക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീൽ നേരത്തെ പറഞ്ഞതിൽ നിന്ന് പിന്നാക്കം പോയതെന്നും അൻവർ പറഞ്ഞു.

പി.വി. അൻവറിന്റെ രാഷ്ട്രീയ നിലപാടുകളോട് പൂർണവിയോജിപ്പാണെന്ന് കെ.ടി. ജലീൽ എം.എൽ.എ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന അൻവറിന്റെ വാദവും ജലീൽ തള്ളി. അൻവർ പറഞ്ഞ ചില കാര്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞതിന് ശേഷമായിരുന്നു ജലീലിന്റെ പിന്മാറ്റം.

ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അ്ൻവറിന്റെ പ്രതികരണ.’ കെ.ടി. ജലീൽ ഒക്കെ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നത്. ഞാൻ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലിൽ കയറ്റി വെച്ചാണ് നിൽക്കുന്നത്. അവർക്കൊന്നും സ്വയം നിൽക്കാൻ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങൾ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാൻ ശേഷി ഇല്ലാത്തതിന് കുറ്റം പറയാൻ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും.

എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് കെ.ടി. ജലീൽ പറഞ്ഞത്. അപ്പോൾ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ. ജീവന് പേടി നമുക്ക് തടയാൻ പറ്റില്ലാല്ലോ’- അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *