കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന (42) ആണ് ജീവനൊടുക്കിയത്. ടാർ​ഗറ്റ് തികയ്ക്കാൻ പറഞ്ഞ് മേലുദ്യോ​ഗസ്ഥർ രണ്ട് മാസമായി ഭീഷണിപ്പെടുത്തുകയാണ് എന്നാണ് ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ തരുൺ പറയുന്നത്. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ജോലി നഷ്ടപ്പെടുമെന്ന് ഭയമുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.

നവാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാർഥ്, പിഹു എന്നിവരെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. അഞ്ച് പേജിലുള്ള ആത്മഹത്യ കുറിപ്പിൽ താൻ കടന്നുപോകുന്ന ജോലിസമ്മർദ്ദത്തെക്കുറിച്ചാണ് തരുൺ കുറിക്കുന്നത്.

വായ്പകളുടെ തവണ പിരിച്ചെടുക്കുന്ന ജോലിയാണ് തരുൺ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കർഷകരാണ്. കാർഷിക വിള നാശം മൂലം പലർക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. തന്റെ പരമാവധി ശ്രമിച്ചിട്ടും തനിക്ക് ടാർ​ഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ല എന്നാണ് തരുൺ പറയുന്നത്. പണം പിരിച്ചെടുക്കാൻ സാധിക്കാത്തവരുടെ ഇഎംഎ താനും സഹപ്രവർത്തകരും ചേർന്നാണ് അടക്കുന്നത്. തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മേലുദ്യോ​ഗസ്ഥരോട് പറയാൻ ശ്രമിച്ചെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന് ഭയമുണ്ടെന്നും മേലുദ്യോ​ഗസ്ഥൻ തന്നെ തുടർച്ചയായി അധിക്ഷേപിച്ചെന്നും തരുൺ പറഞ്ഞു.

‘ഞാൻ ഉറങ്ങിയിട്ട് 45 ദിവസമായി. ഭക്ഷണം കഴിക്കാൻ വയ്യാതായി. കടുത്ത സമ്മർദമാണ്. ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കാനാണ് മേലുദ്യോഗസ്ഥർ പറയുന്നത്. ഭാവിയെക്കുറിച്ചോർത്ത് എനിക്ക് ഭയമുണ്ട്. എനിക്ക് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. ഞാൻ പോകുന്നു.’- തരുൺ കുറിച്ചു.

കടുംകൈ ചെയ്യുന്നതിന് തന്റെ കുടുംബത്തോട് തരുൺ ക്ഷമാപണം നടത്തി. കുട്ടികളുടെ ഈ വർഷത്തെ ഫീസ് മുഴുവൻ അടച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. 2 മേലുദ്യോഗസ്ഥരുടെ പേരുകൾ എടുത്തുപറഞ്ഞ് അവർക്കെതിരെ പൊലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പല സഹപ്രവർത്തകർക്കും സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ഇഎംഐ അടയ്ക്കേണ്ടി വന്നതായും കത്തിൽ പറയുന്നു. രാവിലെ നടന്ന വിഡിയോ കോൺഫറൻസിലും മേലധികാരികൾ ഭീഷണിപ്പെടുത്തിയെന്ന് തരുണിന്റെ ബന്ധുവായ ഗൗരവ് സക്സേന പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *