കൊച്ചി: തനിക്കെതിരെ പരാതി നൽകിയ യുവതിയെ അറിയില്ലന്ന് നടൻ നിവിന്‍ പോളി. യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണ്. ആദ്യമായാണ് തനിക്കെതിരെ ഒരു പരാതി വരുന്നത്. തനിക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തവരുമ്പോള്‍ ഇതില്‍ അടിസ്ഥാനമുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് ചോദിക്കാമായിരുന്നു.

സത്യമല്ലെന്ന് തെളിയുമ്പോള്‍ മാധ്യമങ്ങളുടെ പിന്തുണ വേണം. തന്റെ ഭാഗത്ത് നൂറ് ശതമാനം ന്യായമാണ്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്. ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമമെന്നും നിവിന്‍ പറഞ്ഞു, സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകും. ഓടിയൊളിക്കില്ലെന്നും നിവിന്‍ പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ എല്ലാവരെയും ബാധിക്കും. അതുകൊണ്ടാണ് എല്ലാവര്‍ക്കും കൂടി താന്‍ മുന്നോട്ടുവരുന്നത്.

തനിക്കെതിരായ ലൈംഗികാരോപണ പരാതി വ്യാജമെന്ന് നടന്‍ നിവിന്‍ പോളി സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടത് ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും വ്യാജ പരാതി ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും നിവിന്‍ പോളിയുടെ സാമൂഹികമാധ്യമകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് എതിരെ പീഡന കേസ് റജിസ്റ്റര്‍ ചെയ്തു. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.

കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിന്‍ പോളിക്കെതിരായ അന്വേഷണം എസ്‌ഐടി സംഘം ഏറ്റെടുക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

Leave a Reply

Your email address will not be published. Required fields are marked *