കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ, ഡെറാഢൂണില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് അനാഥ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബസ്സ് ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് പതിമൂന്നിനാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടി ഡെറാഢൂണിലെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയത്. തനിച്ചായ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ബലാത്സംഗം ചെയ്തശേഷം ബസ്സ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു, തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി കേസ് എടുക്കുകയായിരുന്നു. പഞ്ചാബ് സ്വദേശിയാണ് പെണ്‍കുട്ടി.

തീര്‍ത്തും അവശനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് സിഡബ്ല്യുസി പ്രവര്‍ത്തകര്‍ പറഞ്ഞു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *