വയനാട്ടിൽനിന്ന് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിലായി. ജില്ലയിൽനിന്ന് തുടർച്ചയായി പിക്കപ്പ് വാഹനങ്ങൾ മോഷണംപോയ സംഭവത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. മുൻസൈനികനായ ആലപ്പുഴ തിരുവൻവണ്ടൂർ ഓതറേത്ത് വീട്ടിൽ ബി. സുജേഷ്കുമാർ (44), കോഴിക്കോട് ഫറോക്ക് കക്കാട്ട്പറമ്പിൽ വീട്ടിൽ അബ്ദുൾ സലാം (37) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുൾ സലാമിന് മുപ്പതോളം കേസുകളും സുജേഷ്കുമാറിന് പത്തോളം കേസുകളുമുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയാന്വേഷണം നടത്തിയുമാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ, മേട്ടുപാളയം എന്നിവിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് പരിശോധിച്ചത്.
മാർച്ച് മൂന്നിന് കമ്പളക്കാട് അമ്പലച്ചാലിലെ ക്വാർട്ടേഴ്സിനുമുന്നിൽ പാർക്ക് ചെയ്ത പിക്കപ്പ് വാഹനമാണ് ആദ്യം മോഷണംപോയത്. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലായ് 13-നും 14-നുമിടയിൽ മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നമ്പറ്റ ഗ്രൗണ്ടിനു സമീപം നിർത്തിയിരുന്ന പിക്കപ്പ് മോഷ്ടിച്ചു.
ജൂലായ് 19-നും 20-നുമിടയിൽ തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലും പിക്കപ്പ് മോഷണംപോയി. കോറോം, കടയങ്കൽ എന്ന സ്ഥലത്ത് എൻ.എം. സിമന്റ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിന്റെ ഷെഡിൽ നിർത്തിയിട്ടിരുന്ന വാഹനമാണ് മോഷ്ടിച്ചത്.
പരിസരനിരീക്ഷണത്തിന് ശേഷം മാത്രം മോഷണം
ബൈക്കിലെത്തി പരിസരം നിരീക്ഷിച്ച ശേഷം വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് മോഷ്ടാക്കളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കോറോത്ത് വാഹനം മോഷ്ടിക്കുന്നതിനുമുൻപായി 18-ന് അബ്ദുൾ സലാമും സുജേഷ്കുമാറും മാനന്തവാടിയിൽ റൂമെടുത്ത് താമസിച്ചിരുന്നു.
മേപ്പാടി കുന്നമ്പറ്റ ഗ്രൗണ്ടിനു സമീപത്തുനിന്ന് മോഷണംപോയ പിക്കപ്പ് വാഹനം പാലക്കാട്ടുനിന്ന് ഓഗസ്റ്റ് 16-ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു.ഈ ബൈക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് മോഷണംപോയതാണ്. കമ്പളക്കാട്ടുനിന്ന് മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്താനുള്ള ഊർജിതശ്രമം തുടരുന്നു.
മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. കെ.എസ്. അജേഷ്, എസ്.ഐ. ഹരീഷ് കുമാർ, എ.എസ്.ഐ. നൗഷാദ്, സീനിയർ സി.പി.ഒ.മാരായ പി.എം. താഹിർ, ജിമ്മി ജോർജ്, എം. ബിജു, സി.പി.ഒ. ഷിന്റോ ജോസഫ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

