കാഴ്ചയിൽ അടിമുടി മാറ്റങ്ങൾക്കിടയാക്കുന്ന പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈൻ പരീക്ഷിച്ച് ഇൻസ്റ്റാഗ്രാം. ചിത്രങ്ങൾ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിൽ കാണിക്കുന്ന നിലവിലെ രീതിയിൽ നിന്ന് മാറി കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് പുതിയ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പേജിലെ ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പല ഉപഭോക്താക്കൾക്കും ഇപ്പോൾ ഈ മാറ്റം ലഭ്യമായിട്ടുണ്ട്.

നിലവിൽ പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളതെന്ന് ഇൻസ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീൻ പൈ വ്യക്തമാക്കിയതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് ഡിസൈനിൽ കൂടുതൽ മാറ്റങ്ങൾ പരിഗണിക്കുകയെന്നും അവർ പറഞ്ഞു.

ഇന്ന് ഭൂരിഭാഗം ആളുകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നതെല്ലാം വെർട്ടിക്കലായാണ്. 4/3, 9/16 എന്നീ അളവുകളിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ ചതുരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും അദ്ദേഹം പറയുന്നു. 2015 ൽ ചതുരത്തിലുള്ള ചിത്രങ്ങൾ ഒഴിവാക്കിയതാണ്. എന്നാൽ ഈ സമചതുരത്തിലുള്ള ഗ്രിഡുകളായി പ്രൊഫൈൽ ക്രമീകരിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് ഈ മാറ്റം ചിലപ്പോൾ ഇഷ്ടമാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

റീൽസും, കരോസലുകളും 9/16 ഫോർമാറ്റിലുള്ള വെർട്ടിക്കൽ ഫോർമാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങൾ 4/3 ഫോർമാറ്റിലുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്.

ചില ഫോട്ടോഗ്രഫി, മോഡലിങ് അധിഷ്ഠിത പേജുകളിൽ വലിയ ചിത്രങ്ങൾ സമചതുരമായി മുറിച്ച് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ക്രമീകരിച്ചവർ ഉണ്ട്. അത്തരക്കാർക്ക് ഈ മാറ്റം വലിയ തിരിച്ചടിയാവും. അതേസമയം കൂടുതലും വെർട്ടിക്കൽ ഉള്ളടക്കങ്ങൾ പങ്കുവെച്ചവർക്ക് ഇത് ഗുണകരമാവും

Leave a Reply

Your email address will not be published. Required fields are marked *