കൊച്ചി: നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി. എറണാകുളത്തെ പി.കെ. ടൈൽസ് സെന്‍റർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്.
എറണാകുളം ചെമ്പുമുക്കിൽ 2014ലാണ് ഹരിശ്രീ അശോകൻ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ എ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.
വീടിൻ്റെ പണികൾ പൂർത്തിയായി നാലുവർഷം എത്തിയപ്പോൾ തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.
ഉൽപ്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉൽപ്പന്നത്തിൻ്റെ അപാകത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പരാതിക്കാരൻ്റെ കൈവശം ഇല്ലെന്നും എതിർകക്ഷികൾ വാദിച്ചു. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.
ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിൻ്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെ നേർചിത്രമാണെന്ന് കോടതി വിലയിരുത്തി. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർകക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപെട്ടു.
പരാതിക്കാരനുണ്ടായ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദ്ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ ടി ജെ ലക്ഷ്മണ അയ്യർ ഹാജരായി.
There is no ads to display, Please add some