ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ തിരച്ചിലിൽ സജീവമാണ് മായയും മർഫിയും. ബെൽജിയം മെലനോയ്സ് ഇനത്തിൽപ്പെട്ട ഇവ കേരള പൊലീസിന്റെ ഡോ​ഗ് സ്ക്വാഡിന്റെ ഭാ​ഗമാണ്. മണ്ണിനടിയിൽ മൃതദേഹങ്ങളുള്ള നിരവധി സ്ഥലങ്ങളാണ് ഇരുവരും കണ്ടെത്തിക്കൊടുക്കുന്നത്. അഞ്ച് വയസുകാരായ ഇവരെ പഞ്ചാബ് ഹോം ​ഗാർഡിൽ നിന്ന് 2020ലാണ് കേരള പൊലീസ് സ്വന്തമാക്കിയത്.

മൃതദേഹങ്ങൾ കണ്ടെത്തുന്നതിലാണ് ഇരുവർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുള്ളത്. മനുഷ്യരക്തവും പല്ലും ഉപയോ​ഗിച്ചാണ് ഇവരെ പരിശീലിപ്പിക്കുന്നത്. സർക്കാർ ലാബിൽ നിന്ന് രക്തവും സർക്കാർ ആശുപത്രികളിൽ നിന്ന് പല്ലും ശേഖരിക്കും. ഈ രക്തം പഞ്ഞിയിൽ പുരട്ടി കുപ്പിയിലാക്കും. ഇത് മണ്ണിൽ കുഴിച്ചിടും. കുപ്പിയിൽ ദ്വാരമുണ്ടാക്കിയ ശേഷമാണ് കുഴിച്ചിടുക. മൃതദേഹത്തിന്റെ ​ഗന്ധമുള്ള സ്യൂഡോ സെന്റ് എന്ന രാസവസ്തുവും പഞ്ഞിയിൽ പുരട്ടിയിട്ടുണ്ടാകും. ഇത് കണ്ടെത്താനാണ് ദിവസവും പരിശീലിപ്പിക്കുന്നത്. രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും വൈകിട്ട് നാല് മണി മുതൽ അഞ്ചര വരെയുമാണ് പരിശീലനം നൽകുക. 25 അടി താഴ്ചയിൽ വരെയുള്ള മൃതദേഹം ഇവർക്ക് കണ്ടെത്താൻ കഴിയും. മുണ്ടക്കൈയിൽ ജലാംശം കൂടുതലുള്ളതുകൊണ്ട് വെല്ലുവിളിയുണ്ട്. കാരണം വെള്ളത്തിലും മൃതദേഹത്തിന്റെ ​അംശവും ​ഗന്ധവുമുള്ളത് പ്രതിസന്ധിയാണെന്നും പരിശീലകർ പറയുന്നു.

2020ൽ പെട്ടിമുടിയിലും 2021ൽ കൊക്കയാറിലും ഇവർ രക്ഷാദൗത്യത്തിന്റെ ഭാ​ഗമായിരുന്നു. പെട്ടിമുടിയിൽ എട്ട് മൃതദേഹങ്ങളും കൊക്കയാറിൽ അഞ്ച് മൃതദേഹങ്ങളും കണ്ടെത്താൻ ഇവർ സഹായിച്ചു. ഇലന്തൂർ നരബലി കേസിലും പൊലീസിനെ സഹായിച്ചു. ലഹരിമരുന്ന്, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താൻ മായയ്ക്കും മർഫിക്കും പരിശീലനം ലഭിച്ചിട്ടില്ല. കെഡാവർ സ്പെഷ്യലിസ്റ്റുകളായാണ് ഇവർ സ്ക്വാഡിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നത് എന്നതിനാലാണ് മറ്റ് പരിശീലനം നൽകാത്തത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed